| Friday, 1st December 2023, 8:05 pm

യുദ്ധക്കളമായി സലാർ പാർട്ട്‌ വൺ, ഇടിവെട്ട് ട്രെയ്ലർ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യൻ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രശാന്ത് നീൽ – പ്രഭാസ് ചിത്രം സലാറിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ആക്ഷൻ സീനുകളാൽ സമ്പന്നമാണ് ചിത്രമെന്ന് ട്രെയ്ലറിൽ നിന്ന് തന്നെ വ്യക്തമാണ്. ട്രെയ്ലറിലുടനീളം പൃഥ്വിരാജ് നിറഞ്ഞു നിൽക്കുന്നുണ്ട്.

കെ.ജി.എഫ് പോലെ തന്നെ ടെക്നിക്കല്ലി മുന്നിട്ടു നിൽക്കുന്ന ചിത്രമായിരിക്കും സലാർ എന്നാണ് പുറത്തിറങ്ങിയ ട്രെയ്ലർ സൂചിപ്പിക്കുന്നത്. ട്രെയ്ലർ കാണുമ്പോൾ പൃഥ്വിരാജും പ്രഭാസും തമ്മിലുള്ള സൗഹൃദം കാണാൻ കഴിയുന്നുണ്ട്. ഒരു ദേശത്തിന്റെ ചരിത്രമെല്ലാം ചിത്രത്തിൽ പറയുന്നുണ്ട്.

സലാർ സീസ്ഫയർ പാർട്ട്‌ വൺ ആണ് പ്രശാന്ത് ഒരുക്കിയിട്ടുള്ളത്. പ്രഭാസിന്റെ മാസ് സീനുകൾ നിറഞ്ഞ് നിൽക്കുന്ന ചിത്രത്തിന്റെ കഥ ഏത്‌ രീതിയിലാണ് പ്രശാന്ത് ഒരുക്കിയിട്ടുള്ളതെന്ന് കണ്ട് തന്നെ അറിയണം. യുദ്ധവും പോരാട്ടവും നിറഞ്ഞ ഫ്രെയിമുകൾ ഓർമ്മിപ്പിക്കുന്നത് കെ.ജി. എഫ് ലെ വയലൻസ് വയലൻസ് എന്ന ഡയലോഗ് ആണ്.

പ്രശാന്ത് നീൽ ആദ്യമായി പ്രഭാസുമൊത്ത് ഒന്നിക്കുമ്പോൾ വമ്പൻ പ്രതീക്ഷയിലാണ് ആരാധകർ. തുടർച്ചയായുള്ള പരാജയങ്ങൾക്ക് ശേഷം പ്രഭാസിന്റെ ഒരു ഗംഭീര തിരിച്ചുവരവിനാണ് ആരാധകർ കാത്തിരിക്കുന്നത്. ബാഹുബലി 2 വിന് ശേഷം വന്ന സഹോ, രാധേ ശ്യാം, ആദി പുരുഷ് എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

മലയാളികളുടെ സ്വന്തം പൃഥ്വിരാജ് വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. അതുകൊണ്ടുതന്നെ പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും വമ്പൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു സലാർ.

ശ്രുതി ഹാസൻ, ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിംഹ തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ രവി ബസ്രുർ സംഗീതവും ഭുവൻ ഗൗഡ ഛായാഗ്രഹണവും നിർവഹിക്കുന്നു.

ഹോംബാലെ ഫിലിംസിൻ്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

ഡിജിറ്റൽ പി.ആർ.ഒ- ഒബ്‌സ്‌ക്യൂറ എന്റർടെൻയ്മെന്റ്, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്. ചിത്രം ഡിസംബർ 22ന് വിവിധ ഭാഷകളിൽ തിയേറ്ററുകളിൽ എത്തും.

Content Highlight: Salaar Movie Trailer Released

We use cookies to give you the best possible experience. Learn more