ആദിപുരുഷിന്റെ ക്ഷീണം തീര്‍ക്കുമോ? സലാര്‍ ടീസര്‍ വരുന്നു; റിലീസ് ഡേറ്റ്
Film News
ആദിപുരുഷിന്റെ ക്ഷീണം തീര്‍ക്കുമോ? സലാര്‍ ടീസര്‍ വരുന്നു; റിലീസ് ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd July 2023, 2:32 pm

പ്രഭാസ് നായകനാവുന്ന സലാറിന്റെ റിലീസ് ഡേറ്റ് പുറത്ത്. ടീസര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ജൂലൈ ആറിന് പുലര്‍ച്ചേ 5.12നാണ് ടീസര്‍ റിലീസ് ചെയ്യുന്നത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ബാഹുബലിക്ക് ശേഷം കാര്യമായ വിജയങ്ങളില്ലാത്ത പ്രഭാസിന്റെ ഒടുവില്‍ പുറത്തുവന്ന ആദിപുരുഷും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ത്തിയ ആദിപുരുഷ് ഉണ്ടാക്കിയ ക്ഷീണം സലാര്‍ കൊണ്ട് പ്രഭാസ് മറികടക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്ത് വന്ന പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. മൂക്കിലും കഴുത്തിലും കാതിലും വളയങ്ങളുമായി കട്ട റഫ് ലുക്കിലാണ് നടന്‍. ആകെ കരിപടര്‍ന്നിരിക്കും വിധമുള്ള പോസ്റ്ററില്‍ പൃഥ്വിരാജിന്റെ നെറ്റിയില്‍ ഗോപിയും മുഖത്ത് മുറിപ്പാടുമുണ്ട്

വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. പ്രതിനായക വേഷമോ നെഗറ്റീവ് കഥാപാത്രമോ ആണ് ഈ വേഷമെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍.

പ്രഭാസിനെയും പൃഥ്വിരാജിനെയും കൂടാതെ ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെ.ജി.എഫിന്റെ ടീം തന്നെയാണ് സലാര്‍ ഒരുക്കുന്നത്. ഭുവന്‍ ഗൗഡ ക്യാമറയും ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ രവി ബസ്‌റൂറാണ് സംഗീതമൊരുക്കുന്നത്.

Content Highlight: salaar movie teaser release date