ദേവയും വരദരാജ മന്നാറും മുന്നേറുന്നു; അഞ്ച് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ സലാർ നേടിയത്
പ്രഭാസും പ്രശാന്ത് നീലും ഒന്നിച്ച സലാര്‍ തിയേറ്ററുകളില്‍ മികച്ച കളക്ഷനോടെ മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് അഞ്ചു ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 400 കോടിക്ക് മുകളിലാണ് ചിത്രം കൈവരിച്ചിട്ടുള്ളത്.
പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് 402 കോടി കളക്ട് ചെയ്തു എന്ന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ ഡിസംബര്‍ 22 വെള്ളിയാഴ്ച്ച തീയേറ്ററുകളില്‍ എത്തിയ ‘സലാര്‍’ ക്രിസ്തുമസ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയാണ് നേടുന്നത്.
ഖാന്‍സാര്‍ എന്ന സാങ്കല്‍പിക ദേശത്തില്‍ അധികാരത്തിനായി ഗോത്രങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധത്തെ ഒരു സുഹൃത്ത്ബന്ധം എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് സലാര്‍ കാണിച്ചുതരുന്നത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ അവതരിപ്പിച്ചിരിക്കുന്ന ദേവരദ, പൃഥ്വിരാജിന്റെ വരദരാജ മന്നാര്‍ എന്നിവരെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നത്.
സലാറില്‍ റിബല്‍ സ്റ്റാര്‍ പ്രഭാസ് – മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ എന്നീ കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഛായാഗ്രഹണം – ഭുവന്‍ ഗൗഡ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടി.എല്‍. വെങ്കടചലപതി, ആക്ഷന്‍സ് – അന്‍മ്പറിവ്, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി.എഫ്.എക്‌സ് – രാഖവ് തമ്മ റെഡ്ഡി. പി.ആര്‍.ഒ. – മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്- ബ്രിങ്‌ഫോര്‍ത്ത് അഡ്വര്‍ടൈസിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – ഒബ്‌സ്‌ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
Content Highlight: Salaar movie’s five days collection updates