കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ് സലാര്‍. സലാറിന്റെ ഒന്നാം ഭാഗം, സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ സെപ്തംബര്‍ 28ന് റിലീസാകും എന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചുവെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം എത്തിയത്.
പ്രഭാസ് നായകനാകുന്ന സലാറിന്റെ ആദ്യഭാഗം നവംബറില്‍ ആയിരിക്കും ഇറങ്ങുക എന്നാണ് വിവരം. മിക്കവാറും ദീപാവലി റിലീസായിട്ടായിരിക്കും ചിത്രം എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ പ്രമോഷനുകള്‍ വിദേശ രാജ്യങ്ങളിലടക്കം തുടങ്ങിയെങ്കിലും റിലീസ് മാറ്റിയെന്ന റിപ്പോര്‍ട്ടില്‍ ഔദ്യോഗികമായി നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ട്രേഡ് അനലിസ്റ്റുകള്‍ ഇത് സ്ഥിരീകരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സലാര്‍ റിലീസ് നീട്ടിവച്ചതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ചര്‍ച്ചകളാണ് നടക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച ജവാനുമായി ബന്ധപ്പെട്ടാണ്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ സെപ്തംബര്‍ 7നാണ് ലോകമെങ്ങും റിലീസാകുന്നത്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. പ്രീബുക്കിംഗില്‍ അടക്കം വലിയ കുതിപ്പ് ഉണ്ടാക്കിയിരുന്നു ചിത്രം.
എന്നാല്‍ സലാര്‍ റിലീസ് നീട്ടി വെക്കാനുള്ള കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സലാറിന്റെ റിലീസ് തീയതി സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നു എന്നത് പുറത്തുവന്ന വാര്‍ത്തയാണ്. അത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീരാന്‍ ബാക്കിയുള്ളതിനാലാണ് എന്നാണ് വിവരം. തിരക്കിട്ട് റിലീസ് വേണ്ടെന്നാണ് ചിത്രത്തിലെ നായകനായ പ്രഭാസിന്റെ അഭിപ്രായം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒപ്പം ചില വിഭാഗങ്ങളില്‍ ജോലികള്‍ പുരോഗമിക്കാത്തതില്‍ സംവിധായകന്‍ പ്രശാന്ത് നീലിനും അതൃപ്തിയുണ്ടെന്നാണ് വിവരം.
ശ്രുതി ഹാസനാണ് സലാറില്‍ നായികയാകുന്നത്. ‘കെജിഎഫ്’, കാന്താര എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ‘സലാര്‍’ നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്.