| Sunday, 24th December 2023, 8:30 pm

പ്രശാന്ത് എഴുതിവെച്ചതിന്റെ 20 ശതമാനമേ സലാറിലുള്ളൂ: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ അടിസ്ഥാനമിരിക്കുന്നത് എഴുത്തിലാണെന്ന് പൃഥ്വിരാജ് സുകുമാരന്‍. ബജറ്റും സ്‌കെയ്‌ലും രണ്ടാമതേ വരികയുള്ളൂവെന്നും നല്ല തിരക്കഥയുണ്ടെങ്കിലും നല്ല സിനിമ നിര്‍മിക്കാനാവുകയുള്ളൂവെന്നും പൃഥ്വിരാജ് പറഞ്ഞു. പ്രശാന്ത് നീല്‍ എഴുത്തില്‍ വലിയ പരിശ്രമം നടത്തുന്നുണ്ടെന്നും എഴുതിവെച്ചതിന്റെ 20 ശതമാനം മാത്രമേ സിനിമയിലുള്ളൂവെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന വലിയ സ്‌കെയ്‌ലിലുള്ള മാസ് എന്റര്‍ടെയ്‌നര്‍ നിര്‍മിക്കാനും കാണുന്ന പ്രേക്ഷകരെ ആ നരേഷനൊപ്പം മുന്നോട്ട് കൊണ്ടുപോകാനും സ്‌ക്രീന്‍ പ്ലേയില്‍ വൈദഗ്ധ്യം വേണം. ആക്ഷന്‍ സിനിമകളും കോണ്ടന്റ് ഡ്രിവണാണ്. എഴുത്തില്‍ പ്രശാന്ത് എത്രത്തോളം പരിശ്രമം ചെയ്യുന്നുണ്ട് എന്ന് എനിക്ക് വ്യക്തിപരമായി കാണാനും അനുഭവിക്കാനും സാധിച്ചു. അതിന് ശേഷമാണ് ബാക്കിയെല്ലാം നടക്കുന്നത്.

അദ്ദേഹം മികച്ചൊരു ടെക്‌നീഷ്യനാണ്. വേള്‍ഡ് ക്ലാസ് ഏസ്‌തെറ്റിക്‌സുണ്ട്. അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഡിസൈന്‍ ലാംഗ്വേജ് അദ്ദേഹത്തിന്റെ സിനിമയിലുണ്ട്. അതെല്ലാം മാറ്റിനിര്‍ത്തിയാലും പ്രശാന്തിന്റെ സിനിമയെ സ്‌പെഷ്യലാക്കുന്നത് അദ്ദേഹത്തിന്റെ എഴുത്താണ്. ശൂന്യതയില്‍ നിന്നും ഒരു റോക്കി ഭായിയെ കൊണ്ടുവരാനാകില്ല, ഒരു ഖാന്‍സാര്‍ സൃഷ്ടിക്കാനാവില്ല.

സലാറില്‍ ഈ സാങ്കല്‍പിക നഗരം കാണാനാവും. അതിനായി ഈ മനുഷ്യന്‍ 1000 വര്‍ഷക്കാലത്തെ ചരിത്രമുണ്ടാക്കി. ആ സ്ഥലത്തുള്ള പല ഗോത്രങ്ങളുടെ പേരും പാരമ്പര്യവും എഴുതി. അവര്‍ തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, ഏതൊക്കെയാണ് കഥാപാത്രങ്ങള്‍. അവരുടെ ഡൈനാമിക്‌സ് എങ്ങനെയാണ്. അങ്ങനെ അങ്ങനെ എഴുതിവെച്ചതിന്റെ 20 ശതമാനം മാത്രമേ സിനിമയിലുള്ളൂ. എന്നിട്ടും അദ്ദേഹം അത് എഴുതി. എഴുത്തില്‍ അത്രയും പരിശ്രമം നടത്തുന്നുണ്ട്.

ഞാന്‍ ഇതുവരെ ഭാഗമായതില്‍വെച്ച് ഏറ്റവും വലിയ സിനിമയാണ് സലാര്‍. ബജറ്റും സ്‌കെയ്‌ലും എല്ലായ്‌പ്പോഴും രണ്ടാമതേ വരൂ. മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും എവിടെയാണെങ്കിലും ഒരു സിനിമയുടെ അടിസ്ഥാനം എഴുതുന്ന പേപ്പറിലാണ്. ഒരു മോശം തിരക്കഥ ഒരിക്കലും നല്ല സിനിമയാവില്ല. നല്ല തിരക്കഥ മികച്ച സിനിമയാക്കാനാവും, എന്നാല്‍ ഒരു മോശം സിനിമ ഒരിക്കലും സംവിധാനം കൊണ്ട് നന്നാക്കാനാവില്ല. അത് ആദ്യം അംഗീകരിച്ച വ്യക്തിയാണ് പ്രശാന്ത്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Salaar is only 20 percent of what Prashant wrote down, says Prithviraj

We use cookies to give you the best possible experience. Learn more