ഇവിടെ ഒരു മതവും ഒരു വംശവും ഒരു നിറവും മാത്രം. കാറ്റ് നിറച്ച പന്തിന്റെ ആവേശത്തിനും കുമ്മായ വരയ്ക്കകത്തെ പോരാട്ടത്തിനുമപ്പുറം ഫുട്‌ബോള്‍ ജനങ്ങളെ ഒന്നാക്കുന്നു. മേല്‍ പറഞ്ഞ വാക്കുകളെ കാല്‍പനികതയ്ക്കപ്പുറം യാഥാര്‍ഥ്യമാക്കുകയാണ് അര്‍ജന്റീനയുടെ മുന്നേറ്റതാരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ലോകത്തിന്റെ പ്രാര്‍ഥനകളും കാത്തിരിപ്പും. എന്നാല് ഇന്നലെ രാത്രിയോടെ ആ കാത്തിരിപ്പിന് അവസാനമായി. സല ഇനി മടങ്ങി വരില്ല
ഡിബാല, മെസി, ഹിഗ്വയ്ന്‍ അടങ്ങിയ അര്‍ജന്റീനന്‍ ദേശീയ നിരയില്‍ സലയെന്ന പേര് കേട്ടുകേള്‍വിയില്ല. മൂന്ന് ദിവസങ്ങള്‍ക്കപ്പുറം സലയെ അറിയുന്ന ഫുട്‌ബോള്‍ ആരാധകരും വിരളം. എന്നിട്ടും ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കിടക്കുന്നതിനിടെ റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായ സലയ്ക്ക് വേണ്ടി പണം സ്വരൂപിക്കാന്‍ പോലും ലോകം ഒരുമിക്കുന്നുണ്ടെങ്കില്‍ അത് ഫുട്‌ബോള്‍ മുന്നോട്ട് വെയ്ക്കുന്ന സൗന്ദര്യത്തിന്റെ അടയാളമാണ്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ലോകം ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞവരില്‍ ഒരാള്‍ സലയാണെന്ന് സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിവസത്തിനിടെ സലയുടെ തെരച്ചില്‍ പുനരാരംഭിക്കാന്‍ ഗോ ഫണ്ട് മി സ്വരൂപിച്ചത് 177 കോടി രൂപ. സലായ്ക്കായി മെസിയും കാന്റേയും ഗുണ്ടോഗനും സാക്ഷാല്‍ പെപ് ഗ്വാഡിയോളയും ലെസ്റ്റര്‍ സിറ്റി ക്ലബും രംഗത്ത് വരുന്നു. നാന്റെസില്‍ നിന്ന് കരിയറിലെ പുതു സ്വപ്നങ്ങളുമായി കാര്‍ഡിഫിലേക്ക് പറന്ന സലാ ആരായിരുന്നു?.
എമിലിയാനോ റൗള്‍ സല, ടഫറെല്‍ 1990 ഒക്ടോബറില്‍ അര്‍ജന്റീനയിലെ സാന്റ ഫെയില്‍ ഒരു ഇറ്റാലിയന്‍ കുടുംബത്തില്‍ ജനിച്ചു. റൊസാരിയോയിലെ മുത്തശ്ശിമാരുടെ കഥയിലെ അത്ഭുത ബാലനായിരുന്നില്ല സലാ. പക്ഷെ ഫുട്‌ബോളിനെ അവന്‍ ഒരുപാട് സ്‌നേഹിച്ചു.
20-ാം വയസ്സിലാണ് തന്റെ പ്രഫഷണല്‍ ഫുട്‌ബോള്‍ ജീവിതം സലാ ആരംഭിച്ചു. ഫ്രഞ്ച് ക്ലബ് ബോര്‍ഡിയക്‌സിലാണ് സലാ ഔദ്യോഗിക ഫുട്‌ബോള്‍ ജീവിതം ആരംഭിക്കുന്നത്. ബോര്‍ഡിയക്‌സില്‍ നിന്ന് എമിലിയാനോ ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. ബോര്‍ഡിയക്‌സില്‍ പക്ഷെ താരത്തിന് അവസരം കുറവായിരുന്നു.
മൂന്ന് വര്‍ഷം ഒര്‍ലിയണ്‍സിലും നിയോര്‍ട്ടിലും കാഇനിലും വായ്പാടിസ്ഥാനത്തില്‍ പന്തുതട്ടി. മൂന്ന് ക്ലബുകള്‍ക്കായി 83 മത്സരങ്ങളില്‍ നിന്ന് 47 ഗോളുകള്‍ നേടിയ താരത്തെ 2015ല്‍ ഫ്രഞ്ച് ക്ലബ് നാന്റെസ് വാങ്ങി.
ഒരു മില്യണിനാണ് നാന്റെസ് സലായെ വാങ്ങിയത്. ആദ്യ സീസണില്‍ ഡിസംബറില്‍ അയാക്‌സിയോക്കെതിരെ ഗോളടിച്ച് എമിലിയാനോ നാന്റെസ് കരിയറിന് തുടക്കമിട്ടു. 2016ല്‍ പ്രീമിയര്‍ ക്ലബായ വുള്‍വ്‌സ് താരത്തിന് 3 മില്യണ്‍ ഓഫര്‍ നല്‍കിയെങ്കിലും വില്‍ക്കാന്‍ നാന്റെസ് തയ്യാറായില്ല. നാന്റെസിന്റെ ബൂട്ടുകളില്‍ ക്ലബിന്റെ പ്രതീക്ഷകള്‍ വലുതായിരുന്നു. ആദ്യ സീസണില്‍ നാന്റെസ് ടോപ്‌സ്‌കോററായാണ് സല വരവറിയിച്ചത്.
ലീഗ് വണ്ണില്‍ ടൗലൗസിനെതിരെ ഹാട്രിക്ക് തികച്ച സല 2006 ന് ശേഷം ക്ലബിനായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമായി. മൂന്ന് വര്‍ഷം നീണ്ട നാന്റെസ് യാത്രയില്‍ 120 മത്സരങ്ങളില്‍ നിന്നായി 42 ഗോളുകളാണ് താരം നേടിയത്. ക്ലബിന്റെ ഫസ്റ്റ് ചോയ്‌സ് സ്‌ട്രൈക്കറായ സല ടീമിന്റെ മിക്ക ജയത്തിലും നിര്‍ണായക സാന്നിധ്യമായി.
അര്‍ജന്റീനന്‍ ഇതിഹാസം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് സലായുടെ ഇഷ്ടതാരം. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ജാമി വാര്‍ഡിയുടെ കളി മികവിനോടാണ് സലായെ ബി.ബി.സി. താരതമ്യം ചെയ്തത്. കൗണ്ടര്‍ അറ്റാക്ക് സ്‌റ്റൈല്‍ ഇഷ്ടപ്പെടുന്ന മുന്നേറ്റതാരം, പന്തിന് മേല്‍ നല്ല നിയന്ത്രണവും പേസുമുള്ള താരം. സലായെ ബി.ബി.സി. വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ക്ലബുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും ദേശീയ ടീമിന്റെ താരമാകാന്‍ സലായ്ക്കായില്ല. മെസിയ്‌ക്കൊപ്പം പന്തുതട്ടണമെന്നത് സലയുടെ വലിയ മോഹമായിരുന്നു.
8 വര്‍ഷം നീണ്ട ക്ലബ് ജീവിതത്തില്‍ 236 മത്സരങ്ങള്‍ കളിച്ച സല 95 തവണയാണ് എതിര്‍ ടീമിന്റെ വലകുലുക്കിയത്.
കരിയറിന്റെ മറ്റൊരു പാതയിലേക്കുള്ള യാത്രയായിരുന്നു എമിലിയോയുടെ കാര്‍ഡിഫ് യാത്ര. കാര്‍ഡിഫിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 15 മില്യണിനാണ് താരം ഇ.പി.എല്ലിലേക്ക് എത്തിയത്. സലായുടെ ജീവിതത്തിലെ വലിയൊരു സ്വപ്നമായിരുന്നു പ്രീമിയര്‍ ലീഗ്.
2019 ജനുവരി 19ന് കാര്‍ഡിഫുമായി സൈന്‍ ചെയ്ത താരം തിരിച്ച് നാന്റെസിലേക്ക് പോയി. 21ന് ക്ലബിനോട് വിട പറഞ്ഞ് കാര്‍ഡിഫിലേക്ക് പറന്ന സലയും പൈപ്പര്‍ പി.എ46 മാലിബുവും പക്ഷെ ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കാര്‍ഡിഫില്‍ എത്തിയില്ല.
“”ഹെലോ ബോയ്‌സ്, നിങ്ങള്‍ക്ക് സുഖമല്ലേ? ഞാന്‍ ക്ഷീണിതനാണ്. എനിക്ക് നാന്റെസ് നല്‍കിയ അനുഭവങ്ങള്‍ മറക്കാനാകുന്നില്ല. കാര്‍ഡിഫിലെ പുതിയ അനുഭവങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. പുതിയ ടീം, പുതിയ കൂട്ടുകാര്‍, അടുത്ത ഒരു മണിക്കൂറിന് ശേഷം എന്നെ കുറിച്ച് നിങ്ങള്‍ ഒന്നും അറിഞ്ഞില്ലെങ്കില്‍, എന്നെ കണ്ടെത്തന്‍ ചിലപ്പോള്‍ നിങ്ങള്‍ക്കാകില്ല ഡാഡ്…ഞാന്‍ ആകെ പേടിച്ചിരിക്കുകയാണ്. സലയുടെ ശബ്ദത്തില്‍ ലോകം അവസാനം കേട്ട വാക്കുകളാണിത്””. അതിന് ശേഷം ആ വാട്ട്‌സാപ്പ് ശബ്ദിച്ചട്ടില്ല.
സലായുടെ വിമാനം അപ്രത്യക്ഷമായ ഇടം
കടപ്പാട് : ബി.ബി.സി.