തൃശ്ശൂര്‍: ജില്ലയിലെ ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച മുതല്‍ മാര്‍ക്കറ്റ് തുറക്കാമെന്നാണ് വ്യാപാരികളുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായത്.
കൊവിഡ് മാനദണ്ഡം പാലിച്ച് പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ എട്ട് മണി വരെ മൊത്ത വ്യാപാര കടകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
രാവിലെ എട്ട് മണിമുതല്‍ 12 മണിവരെ ചില്ലറ വ്യാപാര കടകള്‍ക്കും പ്രവര്‍ത്തിക്കാം. കടയില്‍ ഒരേ സമയം മൂന്ന് പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ.
മീന്‍, ഇറച്ചി കടകള്‍ക്ക് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാന്‍ അനുമതിയുള്ളു. കടകളിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നിര്‍ബന്ധമായും ആന്റിജന്‍ പരിശോധന നടത്തണം.
അതേസമയം നഗരത്തിലെ മറ്റു മാര്‍ക്കറ്റുകള്‍ ചൊവ്വാഴ്ച തുറക്കും. വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു, കെ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
ശക്തന്‍ മാര്‍ക്കറ്റ് തുറക്കാത്തതിനെതിരെ നേരത്തെ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. അവശ്യവസ്തുക്കള്‍ മാത്രം വില്‍ക്കുന്ന കടകള്‍ പോലും തുറക്കാന്‍ സമ്മതിക്കാത്തത് കളക്ടറുടെ പിടിവാശി മൂലമാണെന്നായിരുന്നു ആരോപണം.
എന്നാല്‍ സര്‍ക്കാരുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക എന്നാണ് കളക്ടര്‍ പറഞ്ഞിരുന്നത്. 1300ഓളം തൊഴിലാളികള്‍ പണിയെടുക്കുന്ന ശക്തന്‍മാര്‍ക്കറ്റില്‍ 500ഓളം കടകളാണുള്ളത്.
മാര്‍ക്കറ്റ് അഞ്ചുമാസമായി അടഞ്ഞ് കിടക്കുന്നതിനാല്‍ വ്യാപാരികളും തൊഴിലാളികളും കടുത്ത ദുരിതത്തിലായിരുന്നു. അതിനാല്‍ കൊവിഡ് മാനദണ്ഡം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.