| Tuesday, 16th July 2019, 3:01 pm

ആ ഒളിച്ചോട്ടത്തിന് കാരണമായത് പ്രണയം മാത്രമല്ല; ജീവിതത്തിലുടനീളം നേരിട്ട വിവേചനങ്ങളും: ബി.ജെ.പി എം.എല്‍.എയുടെ മകള്‍ സാക്ഷി മിശ്ര പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പിതാവായ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ വിളിച്ചു പറഞ്ഞതിലൂടെയാണ് സാക്ഷി മിശ്ര വാര്‍ത്തകളില്‍ ഇടംനേടിയത്. ദമ്പതികള്‍ എവിടെയാണ് കഴിയുന്നതെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പല ചാനലുകളും ഇരുവരുടേയും അഭിമുഖം നല്‍കുകയും ചെയ്തിരുന്നു.

ഇതൊരു പ്രണയ കഥമാത്രമല്ലെന്നാണ് ചാനലുകളിലൂടെ സാക്ഷി പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനപ്പുറം ഓരോ ഇന്ത്യന്‍ സ്ത്രീയും കുട്ടിക്കാലം മുതല്‍ വീടുകളില്‍ ദിനംപ്രതി നേരിടുന്ന വിവേചനത്തിന്റെയും അനീതിയുടെയും വലിയൊരു കെട്ടാണ് സാക്ഷി മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നുവെച്ചത്.

ആജ് തക് അഭിമുഖത്തില്‍ പിതാവിനോട് എന്തെങ്കിലും പറയാനാഗ്രഹിക്കുന്നുണ്ടോയെന്ന് സാക്ഷിയോട് ചോദിച്ചപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് കൂടുതല്‍ വിവരിച്ചത് ദളിത് യുവാവുമായുളള ബന്ധത്തില്‍ പിതാവിനുള്ള എതിര്‍പ്പിനെക്കുറിച്ചായിരുന്നില്ല, മറിച്ച് കുടുംബത്തിനു പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു.

‘എനിക്ക് പഠിക്കണമായിരുന്നു, പല സ്വപ്‌നങ്ങളുമുണ്ടായിരുന്നു.’ അവര്‍ പറഞ്ഞു. പുറത്ത് പോയി ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ പിതാവിനൊപ്പം അദ്ദേഹത്തിന്റെ ഓഫീസില്‍ സഹായിയായി നിന്നോട്ടേയെന്ന് സാക്ഷി ചോദിച്ചിരുന്നു. സഹോദരന്‍ വിക്കി സഹായിക്കുന്നതുപോലെ. ‘പക്ഷേ അച്ഛന്‍ ഒരിക്കലും അത് ഗൗരവമായെടുത്തില്ല. അദ്ദേഹം ഒരിക്കലും എന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.’ അവര്‍ പറഞ്ഞു. എന്നാല്‍ വിക്കിക്ക് അവനിഷ്ടപ്പെട്ടതെല്ലാം ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നെന്നും സാക്ഷി പറയുന്നു.

ഇഷ്ടപ്പെട്ട വിഷയം പഠിക്കാനായി തെരഞ്ഞെടുക്കാനും അനുവദിച്ചില്ലെന്ന് സാക്ഷി പറയുന്നു. വലിയ നിയന്ത്രണമുള്ള, മൊബൈല്‍ ഫോണുകള്‍ അനുവദിക്കാത്ത ഒരു കോളജില്‍ മാസ് കമ്മ്യൂണിക്കേഷന്‍സ് ചെയ്യാനാണ് തന്നെ വിട്ടതെന്നും സാക്ഷി പറയുന്നു.

സഹോദരന് ലഭിക്കുന്ന അതേ പ്രാധാന്യം കുടുംബത്തില്‍ തനിക്കും തന്റെ സഹോദരിക്കും ലഭിക്കുന്ന തരത്തില്‍ പിതാവിന്റെ മനോഭാവം മാറേണ്ടതുണ്ടെന്നും സാക്ഷി പറയുന്നു. ‘ ഒരു പെണ്ണിന്റെ ചെയ്തി മാത്രമേ മാനക്കേടുണ്ടാക്കൂവെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒരു ആണ് തെറ്റ് ചെയ്താലും അത് കുടുംബത്തിന് മാനക്കേടാവും.’ പിതാവിനുള്ള സന്ദേശമായി അവര്‍ പറഞ്ഞത് ഇതാണ്.

Latest Stories

We use cookies to give you the best possible experience. Learn more