ന്യൂദല്‍ഹി: ഒത്തുതീര്‍പ്പിന് വേണ്ടി ഗുസ്തി താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദത്തിലാകുന്നുവെന്ന് സാക്ഷി മാലിക്. പരാതിക്കാരെ വിളിക്കാനും ഭീഷണിപ്പെടുത്താനും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സാക്ഷി എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സാക്ഷിയോടൊപ്പം ഗുസ്തി താരമായ ബജ്‌റംഗ് പൂനിയയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. പരാതി പിന്‍വലിക്കണമെന്ന സമ്മര്‍ദമുള്ളതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് വിഷാദാവസ്ഥയിലാണെന്നും അവര്‍ പറഞ്ഞു.
‘അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും സ്വാധീനമുള്ളതിനാല്‍ ആദ്യം മുതലേ ബ്രിജ് ഭൂഷണെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷമായ അന്വേഷണം നടത്താനാകില്ല,’ സാക്ഷി മാലിക് പറഞ്ഞു.
ഇന്നത്തെ മഹാപഞ്ചായത്തില്‍ ജൂണ്‍ 15ന് ശേഷം നടത്തേണ്ട പദ്ധതികളെ കുറിച്ച് തീരുമാനിച്ചുവെന്ന് പൂനിയയും പറഞ്ഞു.
‘ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് എന്ന ആവശ്യത്തില്‍ നിന്ന് ഞങ്ങള്‍ പിന്നോട്ട് പോകില്ല. ഞങ്ങള്‍ക്ക് പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. ബ്രിജ് ഭൂഷണ്‍ സിങ്ങുള്ള സമയത്ത് തന്നെ വനിത ഗുസ്തി താരത്തെ പൊലീസ് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഓഫീസില്‍ കൊണ്ടുപോയിരുന്നു.
സിങ് ഓഫീസില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ പൊലീസ് കളവ് പറഞ്ഞതാണെന്നും ആ താരം പറഞ്ഞു. അദ്ദേഹം അവിടെ ഉണ്ടെന്നറിഞ്ഞപ്പോള്‍ അവള്‍ വല്ലാതെ പേടിച്ചു.
ഞങ്ങള്‍ക്ക് എല്ലാത്തിലും റിസ്‌ക് ഉണ്ട്. ശക്തമായ കുറ്റപത്രമുണ്ടെങ്കിലേ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യുകയുള്ളൂ,’ പൂനിയ പറഞ്ഞു.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് പരാതി പിന്‍വലിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പരാതി പിന്‍വലിച്ചില്ലെന്നും മൊഴി മാറ്റി നല്‍കിയതാണെന്നും പിതാവും കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വിയോട് പറഞ്ഞിരുന്നു.
ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നും സാക്ഷി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഈ പ്രശ്നങ്ങള്‍ മാനസികമായി എത്രത്തോളം തളര്‍ത്തുന്നുവെന്നത് നിങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞു.
‘ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുകയുള്ളൂ. ഓരോ ദിവസവും ഞങ്ങളെ ഇത് എത്രത്തോളം മാനസികമായി തളര്‍ത്തുന്നുവെന്ന് നിങ്ങള്‍ക്ക് അറിയില്ല,’ സാക്ഷി പറഞ്ഞു.
നിലവില്‍ ജൂണ്‍ 15നകം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ആവശ്യത്തില്‍ ഗുസ്തി സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
CONTENT HIGHLIGHTS: SAKSHI MALIK AND BAJRANNG PUNIYA ABOUT POLICE INVESTIGATION