തിരുവനന്തപുരം: ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റായ പി.ടി. ഉഷക്കെതിരെ ഒളിമ്പിക്‌സ് ജേതാവും ഗുസ്തി താരവുമായ സാക്ഷി മാലിക്. സഹായിക്കാമെന്ന് പറഞ്ഞതല്ലാതെ തങ്ങള്‍ക്ക് വേണ്ടി പി.ടി. ഉഷ ഒന്നും തന്നെ ചെയ്തില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവമായ ‘ക’ യില്‍ സംസാരിക്കുകയായിരുന്നു സാക്ഷി മാലിക്.
ഗുസ്തി അസോസിയേഷനെതിരെയുള്ള തങ്ങളുടെ പ്രതിഷേധ വേദിയിലേക്ക് പി.ടി. ഉഷ എത്തിയിരുന്നെന്നും പ്രതിഷേധക്കാരായ ഗുസ്തി താരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ തങ്ങള്‍ പി.ടി. ഉഷയോട് പറഞ്ഞിരുന്നെന്നും സാക്ഷി മാലിക് പറഞ്ഞു. എന്നാല്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആയിട്ടുകൂടി അതിനുവേണ്ട നടപടികള്‍ ഒന്നും തന്നെ പി.ടി. ഉഷ സ്വീകരിച്ചില്ലെന്നും സാക്ഷി ചൂണ്ടിക്കാട്ടി.
ഇത്രയും വലിയ പദവിയില്‍ ഇരുന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടും ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മൗനം പാലിക്കുകയായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതില്‍ പി.ടി. ഉഷ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും സാക്ഷി മാലിക് വ്യക്തമാക്കി.
കൂടാതെ ഗുസ്തി താരങ്ങളുടെ പ്രതിഷേധ കമ്മിറ്റിയില്‍ മേരി കോം ഉണ്ടായിരുന്നുവെന്നും പീഡനം നേരിട്ട താരങ്ങള്‍ മേരി കോമിനോട് സംസാരിച്ചിരുന്നുവെന്നും തങ്ങളുടെ പ്രശ്‌നങ്ങളോട് വളരെ വേദനാജനകമായാണ് അവര്‍ പ്രതികരിച്ചതെന്നും സാക്ഷി മാലിക് പറഞ്ഞു.
തുടര്‍ന്ന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും ഈ വിഷയങ്ങളില്‍ തനിക്ക് ഒരുപാട് വിഷമമുണ്ടെന്നും മേരി കോം പറഞ്ഞതായും സാക്ഷി വ്യക്തമാക്കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ മേരി കോമിന് സാധിച്ചില്ലെന്നും സാക്ഷി ചൂണ്ടിക്കാട്ടി.
താനടക്കമുള്ള താരങ്ങളെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് മേരി കോമെന്നും എന്നാല്‍ അവര്‍ പോലും തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചില്ലെന്നും സാക്ഷി മാതൃഭൂമിയുടെ അക്ഷരോത്സ വേദിയില്‍ പറയുകയുണ്ടായി.
Content Highlight: Sakshi Malik against P.T. Usha