ന്യൂദല്‍ഹി: ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്. ഒളിമ്പിക് മെഡല്‍ നേട്ടത്തിനു പിന്നാലെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പാരിതോഷികങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് സാക്ഷി രംഗത്തെത്തിയത്.
“മെഡല്‍ നേട്ടമെന്ന എന്റെ വാഗ്ദാനം ഞാന്‍ പാലിച്ചു. ഹരിയാന സര്‍ക്കാരേ നിങ്ങള്‍ പറഞ്ഞ വാക്കുകളൊക്കെ എപ്പോള്‍ പാലിക്കും?” സാക്ഷി ട്വിറ്ററിലൂടെ ചോദിക്കുന്നു.
“എന്റെ ഒളിമ്പിക് മെഡല്‍ നേട്ടത്തിനു പിന്നാലെ ഹരിയാന സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളൊക്കെ മാധ്യമങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതായിരുന്നോ?” സാക്ഷി ചോദിക്കുന്നു.
ഹരിയാന കായിക മന്ത്രിയും ബി.ജെ.പി നേതാവുമായ അനില്‍ വിജിന്റെ പേര് സൂചിപ്പിച്ചുകൊണ്ടാണ് സാക്ഷിയുടെ ട്വീറ്റ് വന്നിരിക്കുന്നത്. ട്വീറ്റിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം മെഡല്‍ നേട്ടത്തിനു പിന്നാലെ ഹരിയാന മുഖ്യമന്ത്രിയും കായിക മന്ത്രിയും തന്ന വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് സാക്ഷിയുടെ അമ്മ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.മഹര്‍ഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയില്‍ സ്‌പോര്‍ട്‌സ് ഡയറക്ടറുടെ ജോലിയുള്‍പ്പെടെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല എന്നാണ് അവരുടെ ആരോപണം.
വീടും, റോഷ്തക്കില്‍ പരിശീലനത്തിനായി ഒരു റസളിങ് ഹാളും വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ സാക്ഷിയുടെ കോച്ചായ സുദേഷിന് 10ലക്ഷം രൂപ പ്രഖ്യാപിച്ച് ഇതുവരെ ലഭിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സാക്ഷിക്ക് ജോലി നല്‍കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഹരിയാന കായിക മന്ത്രി അറിയിച്ചു. കൂടാതെ ഒളിമ്പിക്‌സിനുശേഷം ദല്‍ഹിയിലെത്തിയ ഉടന്‍ സാക്ഷിക്ക് 2.5കോടി രൂപ നല്‍കിയതായും മന്ത്രി അവകാശപ്പെടുന്നു.