national news
പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു; ബ്രിജ്ഭൂഷണിന്റെ മകന് സീറ്റ് നല്‍കിയതിനെതിരെ സാക്ഷിമാലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 02, 03:43 pm
Thursday, 2nd May 2024, 9:13 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവ് ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ മകന് കൈസര്‍ഗഞ്ചില്‍ സീറ്റ് നല്‍കിയതിനെതിരെ പ്രതികരണവുമായി ഗുസ്തി താരം സാക്ഷിമാലിക്. പെണ്‍കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമാണിതെന്ന് സാക്ഷിമാലിക് പറഞ്ഞു.

രാമന്റെ പേരില്‍ വോട്ട് തേടുന്നവര്‍ രാമപാത പിന്തുടരണ്ടേയെന്നും സാക്ഷിമാലിക് ചോദിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ പെണ്‍മക്കള്‍ തോറ്റെന്നും ബ്രിജ്ഭൂഷണ്‍ ജയിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബ്രിജ്ഭൂഷണ് ബി.ജെ.പി യു.പിയില്‍ സീറ്റ് നിഷേധിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനാണ് സീറ്റ് ലഭിച്ചത്. കൈസര്‍ഗഞ്ചില്‍ മത്സരിക്കണമെന്ന ബ്രിജ് ഭൂഷന്റെ ആവശ്യം തള്ളിയാണ് മകന്‍ കരണ്‍ ഭൂഷന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കുടുംബാംഗങ്ങളെയോ മകനെയോ മത്സരിപ്പിക്കാമെന്ന് ബി.ജെ.പി ബ്രിജ് ഭൂഷണ് വാഗ്ദാനം നല്‍കിയിരുന്നു.

എന്നാല്‍ ബ്രിജ് ഭൂഷണ്‍, താന്‍ തന്നെ കൈസര്‍ഗഞ്ചില്‍ മത്സരിക്കുമെന്ന വാശിയിലായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൈസര്‍ഗഞ്ച് മണ്ഡലത്തിലെ സിറ്റിങ് എം.പി കൂടിയാണ് ബ്രിജ് ഭൂഷണ്‍.

എന്നാല്‍ വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണ്‍ സിങ് കൈസര്‍ഗഞ്ചില്‍ നേരത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

അതേസമയം ബ്രിജ് ഭൂഷണെതിരെ നേരത്തെ 40 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന സമരം ഗുസ്തി താരങ്ങള്‍ നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന് ലഭിച്ച മെഡലുകള്‍ നദിയിലൊഴുക്കാന്‍ വരെ താരങ്ങള്‍ തീരുമാനിച്ചിരുന്നു. ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് വിജയിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 21ന് സാക്ഷി ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: sakshi malik against brij bhushan singh