തെരഞ്ഞെടുപ്പ് ജയത്തിന്റെ നന്ദിയറിയിക്കാന്‍ ഉന്നാവ് ബലാത്സംഗക്കേസ് പ്രതിയെ ജയിലില്‍ സന്ദര്‍ശിച്ച് സാക്ഷി മഹാരാജ്
ഉന്നാവ് കൂട്ട ബലാത്സംഗക്കേസിലെ പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിനെ ജയിലില്‍ സന്ദര്‍ശിച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. എം.എല്‍.എയും ബി.ജെ.പി നേതാവുമായ കുല്‍ദീപ് സിങിനോട് തെരഞ്ഞെടുപ്പ് ജയത്തിന് നന്ദി അറിയിക്കാനാണ് ജയിലിലെത്തിയതെന്നാണ് സാക്ഷിയുടെ വിശദീകരണം.
‘അദ്ദേഹം ഇവിടെ കഴിയാന്‍ തുടങ്ങിയിട്ട് ഒരുപാടായി. ഞാന്‍ അദ്ദേഹത്തെ കാണാനാണ് വന്നത്. തെരഞ്ഞെടുപ്പിലെ എന്റെ ജയത്തിന് നന്ദി പറയാന്‍’, സാക്ഷി മഹാരാജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സാക്ഷി മഹാരാജ്, കുല്‍ദീപ് സിങിന്റെ ഉന്നാവയിലെ വീട് സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതിന് സി.ബി.ഐ കുല്‍ദീപിനെ അറസ്റ്റ് ചെയ്തത്. കുല്‍ദീപിന്റെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാളുടെ പേരില്‍ പോസ്‌കോ ചുമത്തിയായിരുന്നു അറസ്റ്റ്. സംഭവ സമയത്ത് കുല്‍ദീപിന്റെ വനിതാ സഹായി ശശി സിങ് മുറിക്കുപുറത്തു കാവല്‍ നിന്നുവെന്നും സിബിഐ കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകത്തില്‍ കുല്‍ദീപിന്റെ സഹോദരന്‍ ജയ് ദീപ് സിങും പ്രതിയാണ്. പീഡനത്തെത്തുടര്‍ന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയെ പിതാവിനെ, എം.എല്‍.എയെ അപമാനിച്ചെന്നാരോപിച്ച് കുല്‍ദീപും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് പൊലീസിന് കൈമാറുകയും ചെയ്തു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ആരോഗ്യാവസ്ഥ വഷളായ ഇദ്ദേഹത്തെ ജയിലില്‍നിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്ന് ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് സമീപത്തായി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തറഞ്ഞത്. 2017ലും പെണ്‍കുട്ടിയെ കുല്‍ദീപ് പീഡിപ്പിച്ചതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു.
പൊലീസിന്റെ അന്വേഷണം പ്രതികള്‍ക്കൊപ്പമാണെന്ന ആരോപണമുയര്‍ന്ന ശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.