| Wednesday, 9th August 2023, 2:11 pm

ഞങ്ങൾ റിലീസ് മാറ്റിയിട്ടുണ്ട്; രജിനികാന്തിന്റെ പടത്തിന് ടിക്കറ്റ് എടുത്തവരല്ല എന്റെ പടത്തിന് കയറേണ്ടത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയിലർ എന്ന മലയാളം ചിത്രത്തിൻറെ ഡേറ്റ് നീട്ടിയെന്ന് സംവിധായകൻ സക്കീർ മഠത്തിൽ. നെൽസൺ ദിലിപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിൻറെ റിലീസിന് ശേഷം ഒരാഴ്ച കഴിഞ്ഞാകും ചിത്രത്തിൻറെ റിലീസ് എന്നും തന്റെ ചിത്രവും രജിനികാന്തിന്റെ ചിത്രവും തമ്മിൽ വളരെ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രെൻഡിങ് കേരളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജയിലർ എന്ന രണ്ട് ചിത്രങ്ങൾ തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരു ലോറിയും കാറും പോലെയുള്ള വലുപ്പ വ്യത്യാസം ഈ രണ്ട് ചിത്രങ്ങൾ തമ്മിലുണ്ട്. ആർട്ടിസ്റ്റിന്റെ കാര്യത്തിലായാലും ബഡ്ജറ്റിന്റെ കാര്യത്തിലായാലും. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമല്ല.

ജയിലർ എന്ന പേരിൽ ഒരു അവകാശം, അതായിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്. ഇപ്പോൾ അവരുടെ ഭാഗത്തുനിന്നും ഒരു അയവു വന്നിട്ടുണ്ട്. അവരായിരുന്നു കേസ് കൊടുത്ത്, ഇപ്പോൾ കേസ് ഒന്നും വേണ്ടെന്ന് അവർ പറഞ്ഞിട്ടുണ്ട്.

ഞാൻ ഒരു പ്രശ്നക്കാരൻ അല്ല, ഇങ്ങോട്ട് പ്രശ്നം ഉണ്ടാക്കാൻ വന്നപ്പോൾ ഞാൻ മീഡിയയെ ഒക്കെ വിളിച്ചു. ഇനി പ്രശ്നങ്ങൾ ഒന്നും വേണ്ട, നല്ല രീതിയിൽ പോകാം എന്നാണ് ചെന്നൈയിൽനിന്നും നമുക്ക് കിട്ടിയ വിവരം.

എല്ലാം നല്ല രീതിയിൽ പോകാനായിട്ട് സിനിമയുടെ റിസീസ് ഒരാഴ്ച മുന്നോട്ട് നീക്കിയിട്ടുണ്ട്. തിയേറ്ററുകാരും, ഫിയോക്ക് എന്ന സംഘടനയും എന്നോട് പറഞ്ഞു സിനിമയുടെ നല്ലതിനുവേണ്ടി കുറച്ച് നീക്കിവെക്കുന്നതാണ് നല്ലതെന്ന്. അത് ഞാൻ അനുസരിച്ചു. കാരണം അവർ ഒരുപാട് അനുഭവങ്ങൾ ഉള്ള ആളുകളാണ്.

അവർക്ക് (തമിഴ് ജയിലർ ടീം) അവരുടേതായ പ്രശ്നങ്ങളും പരിമിതികളും ഉണ്ട്. എനിക്കൊരു പ്രശ്നക്കാരൻ അവാൻ താൽപര്യമില്ല. കുറച്ച് സിനിമകൾ എടുക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. തിയേറ്ററുകാരെയൊക്കെ നമുക്ക് നാളെയും ആവശ്യമുള്ളതാണ്.

ഇപ്പോൾ ഏകദേശം അറുപതോളം തിയേറ്ററുകളാണ് കിട്ടിയിരിക്കുന്നത്. ഒന്ന് ആഞ്ഞുപിടിച്ചാൽ എഴുപത്തിയഞ്ചോളം തിയേറ്ററുകൾ കിട്ടും. എന്നാലും ഒരു തിയേറ്ററിൽ തന്നെ രണ്ട് സിനിമയും വന്നാൽ ആദ്യത്തെ ആഴ്ച തന്നെ കൺഫ്യൂഷൻ ഉണ്ടാകും. തമിഴ് പടത്തിന് ടിക്കറ്റെടുത്ത ആൾ ഇവിടെ കേറും, ഇവിടേക്ക് എടുത്ത ആൾ അവരുടെ പടത്തിനും. എന്നെ പലരും ട്രോളിയതും അങ്ങനെയാണ്. രജിനികാന്തിന്റെ പടത്തിന് ടിക്കറ്റ് എടുത്ത ആൾ മാറി കയറുന്നത് എന്റെ പടത്തിനാകും എന്ന് പറഞ്ഞവർ ഉണ്ട്. നമ്മുടെ തന്നെ ഓഡിയൻസ് വന്ന് കണ്ട് വിജയിപ്പിക്കുക എന്ന ആഗ്രഹം മാത്രമാണ് എനിക്കുള്ളത്,’ സക്കീർ മഠത്തിൽ പറഞ്ഞു.

നെൽസൺ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രം ‘ജയിലറിന്റെ’ പേര് മാറ്റണമെന്ന് സക്കീർ മഠത്തിൽ ആവശ്യപ്പെട്ടിരുന്നു. ജയിലർ എന്ന പേര് തന്റെ സിനിമക്കുവേണ്ടി 2021ൽ തന്നെ രജിസ്റ്റർ ചെയ്തതാണെന്നും രജനികാന്തിന്റെ ജെയ്ലർ സിനിമയുടെ ടീസർ റിലീസായപ്പോൾ തന്റെ വക്കീൽ സൺ പിക്‌ചേഴ്‌സിന് നോട്ടീസ് അയച്ചിരുന്നെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരിക്കുകയാണെന്നും രജിനികാന്തിനെ നായകനാക്കിയുള്ള ജയിലറിന്റെ പേര് മാറ്റണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.

Content highlights: Sakkir Matathil regarding the release date of Jailer movie

We use cookies to give you the best possible experience. Learn more