ജയിലർ എന്ന മലയാളം ചിത്രം ആരംഭിച്ചതുമുതൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് സംവിധായാകാൻ സക്കീർ മഠത്തിൽ. സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടെങ്കിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ലെന്നും പല തിയേറ്ററുകാരും ചിത്രം ഏറ്റെടുത്തതിന് ശേഷം പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓഗസ്റ്റ് 10ന് ജയിലർ തിയേറ്ററുകളിൽ എത്തും. ചരിത്രത്തിൽ ആദ്യമായിട്ടാണ് തമിഴിലും മലയാളത്തിലും ഒരേ സമയം ഒരേ പേരിൽ രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. അങ്ങനെ ഒരു കാര്യത്തിന് സാക്ഷ്യം വഹിക്കാം.
അതേസസമയം, ഞങ്ങൾ ഒരുപാട് പോരാടി. ഈ ചിത്രം ചെയ്യാൻ തുടങ്ങിയപ്പോൾ മുതലുള്ള പോരാട്ടമായിരുന്നു. ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എങ്കിൽ പോലും ഒരു വിട്ടുവീഴ്ചക്കും ഞങ്ങൾ നിന്നിട്ടില്ല. ഏറ്റവും നല്ല രീതിയിൽ ഞങ്ങൾ ഈ ചിത്രം എടുത്തിട്ടുണ്ട്.
തമിഴിലെ ജയിലർ എന്തായാലും മലയാളികൾ വരെ പോയികാണും. ഒരു സൂപ്പർ സ്റ്റാറിന്റെ ചിത്രം വളരെ ആഘോഷത്തോടെയാണ് എല്ലാവരും കാണുകയുള്ളു. ഞാൻ എടുത്തത് തികച്ചും ഒരു മലയാളം സിനിമയാണ്. തമിഴിലെ ജെയ്‌ലറും മലയാളത്തിലെ ഞങ്ങളുടെ ചിത്രവും തമ്മിൽ പേരിലുള്ള സാദൃശ്യം മാത്രമാണുള്ളത്. ഇത് തമ്മിൽ ഒരിക്കലും ഒരു മത്സരം വരുന്നില്ല.
പേരിലെ തെറ്റിധാരണ ഒഴിവാക്കാനാണ് ഞാൻ അവരോടു പേര് മാറ്റാൻ പറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചിത്രം പ്രദർശിപ്പിക്കാമെന്ന് പറഞ്ഞ തിയേറ്ററുകാർ പിന്മാറിയിരുന്നു. കാരണം തിരക്കിയപ്പോൾ നാലും അഞ്ചും ലക്ഷങ്ങൾ മുടക്കിയാണ് രജനികാന്തിന്റെ ചിത്രം തിയേറ്ററുകാർ വാങ്ങിയിരിക്കുന്നത്. ഞങ്ങൾ ചാർട്ട് ചെയ്ത തിയേറ്ററുകാർ അഡ്വാൻസ് വാങ്ങിക്കാതെ പടം പ്രദർശിപ്പിക്കാൻ തുടങ്ങി.
സ്വാഭാവികമായും ബിസിനസ്സ് ആണല്ലോ പണം കിട്ടുന്ന പടം എടുക്കാമെന്ന് തീരുമാനിച്ചു. ഞങ്ങളുടെ സിനിമ എടുക്കാമെന്ന് പറഞ്ഞ തിയേറ്ററുകളുടെ എണ്ണം കുറഞ്ഞപ്പോൾ കേരളം ഫിലിം ചേമ്പറിലും ഫിലിം പ്രൊഡ്യൂസർമാരുടെ സംഘടനയിലും പരാതി കൊടുത്തു,’സക്കീർ മഠത്തിൽ പറഞ്ഞു.
നെൽസൺ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രം ‘ജയിലറിന്റെ’ പേര് മാറ്റണമെന്ന് സക്കീർ മഠത്തിൽ ആവശ്യപ്പെട്ടിരുന്നു. ജയിലർ എന്ന പേര് തന്റെ സിനിമക്കുവേണ്ടി 2021ൽ തന്നെ രജിസ്റ്റർ ചെയ്തതാണെന്നും രജനികാന്തിന്റെ ജെയ്ലർ സിനിമയുടെ ടീസർ റിലീസായപ്പോൾ തന്റെ വക്കീൽ സൺ പിക്‌ചേഴ്‌സിന് നോട്ടീസ് അയച്ചിരുന്നെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരിക്കുകയാണെന്നും രജിനികാന്തിനെ നായകനാക്കിയുള്ള ജയിലറിന്റെ പേര് മാറ്റണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.
Content Highlights: Sakkir Madathil on Jailer movie