‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് സക്കറിയ. തിയേറ്ററുകളില്‍ വിജയമായ ചിത്രം നിരൂപകപ്രശംസയും നേടിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘ഹലാല്‍ ലവ് സ്റ്റോറി’ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
എന്നാല്‍ അതൊന്നും തന്നെ അലോസരപ്പെടുത്തിയിട്ടില്ലെന്നും സിനിമ ചെയ്തുകൊണ്ടേയിരിക്കുക എന്നുള്ളതാണ് തന്റെ ജോലിയെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സക്കറിയ പറഞ്ഞു.
‘ഹലാല്‍ ലവ് സ്റ്റോറി’ ക്കു നേരെവന്ന വിമര്‍ശനങ്ങളൊന്നും വലിയ രീതിയിലൊന്നും എന്നെ അലോസരപ്പെടുത്തിയില്ല, സിനിമ ചെയ്തുകൊണ്ടേയിരിക്കുക എന്നുള്ളതാണ് എന്റെ പണി. നമുക്കിഷ്ടമുള്ള, അല്ലെങ്കില്‍ ആവേശമുണര്‍ത്തുന്ന സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയെന്നത് മാത്രമേ ഞാന്‍ ശ്രദ്ധിക്കാറുള്ളൂ. സിനിമയുടെ വിലയിരുത്തല്‍ എന്നത് ഫിലിം ജേര്‍ണലിസത്തില്‍ വരുന്ന കാര്യമാണ്.
അത് നമ്മള്‍ കാര്യമാക്കേണ്ടതില്ലയെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ എപ്പോഴും ആലോചിക്കുന്നത് സിനിമയെ സൗന്ദര്യശാസ്ത്രപരമായി എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ളതാണ്. കഥ നമുക്ക് മാറ്റാന്‍ കഴിയില്ല, അത് ഇഷ്ടപ്പെട്ട് തന്നെ സെലക്ട് ചെയ്യുന്നതാണ്.
ഞാന്‍ എന്റെ ബോധ്യങ്ങളാണ് സിനിമയിലൂടെ(ഹലാല്‍ ലവ്വ് സ്റ്റോറി) പറയാന്‍ ശ്രമിച്ചത്. കണ്‍ഫ്യൂഷനുള്ള കാര്യം ഒരിക്കലും ചെയ്യില്ല. ബോധ്യമുള്ള കാര്യങ്ങള്‍ ആളുകളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ ചെയ്യുമ്പോള്‍ നമുക്ക് മുന്നോട്ട് പോവാന്‍ കഴിയും. വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ് ഓരോരുത്തരും സിനിമയയെ വിലയിരുത്തുന്നത്.
കുറച്ചുകൂടി പ്രൊഫഷണലായി സമീപിക്കേണ്ട മേഖലയാണ് സിനിമയെന്നും ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗത്തിനെയും സിനിമയില്‍ നിന്ന് വിലക്കിയതിനോട് യോജിപ്പില്ലെന്നും സക്കറിയ പറഞ്ഞു.
‘കുറച്ചുകൂടി പ്രൊഫഷണലായി സമീപിക്കേണ്ട മേഖലയാണ് സിനിമ. സിനിമയ്ക്ക് ഒരു മൂലധനമുണ്ട്. ഒരു വലിയ സംഘം അതിനുവേണ്ടി ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്. സിനിമയില്‍ പ്രൊഫഷണലിസം കാത്തുസൂക്ഷിക്കുകയെന്നത് അത്യാവശ്യമാണ്. എനിക്ക് ഇവരുമായൊന്നും (ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം) പേഴ്‌സണല്‍ അടുപ്പമില്ല, പക്ഷേ ഇവരെ സിനിമയില്‍ വിലക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
അവരോടൊത്ത് സിനിമ ചെയ്യാന്‍ താല്‍പര്യമില്ലാത്തയാളുകള്‍ ചെയ്യണമെന്നില്ല. അതൊരു പൊതുതീരുമാനമായി പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല,’ സക്കറിയ പറഞ്ഞു.
Content Highlights: Director Sakkariya about movies