| Sunday, 7th August 2016, 10:45 am

'സഖാവ്' എന്ന കവിത മോഷ്ടിച്ചതോ? എസ്.എഫ്.ഐയുടെ മുഖമാസികക്ക് അയച്ചു നല്‍കിയ തന്റെ കവിത മോഷ്ടിച്ചെന്ന് പ്രതീക്ഷ ശിവദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായ സഖാവ് എന്ന കവിതയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കവിത എഴുതിയത് താനാണെന്ന അവകാശവാദവുമായി ഒറ്റപ്പാലം എന്‍.എസ്.എസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതീക്ഷ ശിവദാസ് രംഗത്തുവന്നിരിക്കുകയാണ്.

സിനിമാ പ്രവര്‍ത്തകനായ സാം മാത്യു എ.ഡി രചിച്ച കവിത എന്ന തലത്തിലാണ് “സഖാവ്” സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് താനെഴുതി എസ്.എഫ്.ഐയുടെ മുഖമാസികയായ സ്റ്റുഡന്റ്”ല്‍ പ്രസിദ്ധീകരിക്കാനായി അയച്ചുകൊടുത്ത കവിതയാണെന്നാണ് പ്രതീക്ഷ അവകാശപ്പെടുന്നത്.

ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ഒരു കുറിപ്പിലൂടെയാണ് പ്രതീക്ഷ ഇക്കാര്യം വ്യക്തമാക്കുന്നത്.

“വര്‍ഷങ്ങള്‍ക്കു മുമ്പ്,
പ്രണയവും പ്രത്യയശാസ്ത്രവും വിപ്ലവവും എന്റെ കാതുകളില്‍ നിരന്തരം കേള്‍ക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. എന്റെ ഏട്ടന്‍ ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍ പഠിച്ചിറങ്ങുന്ന കാലഘട്ടം.

കോളജിന്റെ മാത്രം പ്രത്യേകതകളായിരുന്നു.. ബൊളീവിയന്‍ കാട്.. പുകമരം, ചങ്കുപൊട്ടി ചോരവന്നാലും ഇടിമുഴക്കംപോലെ കൂടുതല്‍ ശക്തരായി മുദ്രാവാക്യം വിളിക്കുന്ന സഖാക്കള്. എന്റെ ഏട്ടന്‍.. ഏട്ടന്റെ പ്രസംഗശൈലികള്‍.. അവരുടെ സമരങ്ങള്‍.. ഇവയെല്ലാമായിരുന്നു “സഖാവ്” എന്ന എന്റെ കവിതയുടെ ആധാരം” എന്നു പറഞ്ഞുകൊണ്ടാണ് പ്രതീക്ഷയുടെ കുറിപ്പ് തുടങ്ങുന്നത്.


Interesting News‘തമ്മില്‍ കണ്ടാല്‍ മിണ്ടാത്തത്ര ശത്രുതയൊന്നും ഞങ്ങള്‍ക്കിടയിലില്ല’: പി. ജയരാജനും കെ. സുധാകരനും ഒരേ വേദിയില്‍


സ്റ്റുഡന്റ് മാസികയില്‍ പ്രസിദ്ധീകരിക്കാനായി കവിത അയച്ചുനല്‍കിയെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി അറിയില്ലെന്നാണ് പ്രതീക്ഷ കുറിപ്പില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം സഖാവ് ഹരി കോവലകം മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഒരു വീഡിയോ ഇറങ്ങിയ സമയത്താണ് തന്റെ കവിത എല്ലാവരും ശ്രദ്ധിച്ചു തുടങ്ങുന്നതെന്നും പ്രതീക്ഷ പറയുന്നു.

എന്നാല്‍ അതിനു മുമ്പു തന്നെ ആരോ തന്റെ കവിതയ്ക്കു ഈണം നല്‍കുകയും തന്റെ ഇയാസ് എന്ന സുഹൃത്തു വഴി വാട്‌സ് ആപ്പില്‍ ആ കവിത ലഭിച്ചതായും പ്രതീക്ഷ കുറിക്കുന്നു.

പിന്നീട് പല ഫേസ്ബുക്ക് കൂട്ടായ്മകളിലും ഈ കവിതയുടെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കും നടന്നിരുന്നെന്നും എന്നാല്‍ അപ്പോഴെല്ലാം താന്‍ മൗനം പാലിക്കുകയാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

അടുത്തിടെ സാം മാത്യു രചിച്ചതെന്ന പേരില്‍ തന്റെ കവിത സോഷ്യല്‍ മീഡിയകളില്‍ വൈറലായതു ശ്രദ്ധയില്‍പ്പെട്ടു. 2012-2013 കാലഘട്ടത്തില്‍ കോട്ടയം സി.എം.എസ് കോളജില്‍ മാഗസിനിലെ കവിതയായി തന്റെ കവിത സാം മാത്യുവിന്റെ പേരില്‍ പ്രസിദ്ധീകരിച്ചതായി തെളിവുകളുണ്ട്. ഇതിനു മുമ്പു തന്നെ താന്‍ സ്റ്റുഡന്റിലേക്കു കവിത അയച്ചു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും പ്രതീക്ഷ പറയുന്നു.

“സത്യം ഒരിക്കലും നുണയല്ല. സത്യത്തെ എത്രത്തോളം ഇരുട്ടിലേക്കു തള്ളിവിട്ടാലും അതു തിരികെ വരികതന്നെ ചെയ്യും” എന്നു പറഞ്ഞുകൊണ്ടാണ് പ്രതീക്ഷ കുറിപ്പ് അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more