| Saturday, 17th December 2022, 5:33 pm

ബി.ജെ.പിക്ക് സ്ത്രീകള്‍ എന്ത് ചെയ്താലും പ്രശ്‌നമാണ്; റേപ്പിസ്റ്റുകളെ പൂമാലയിട്ട് സ്വീകരിച്ചതില്‍ ഇനിയാര്‍ക്കും അത്ഭുതമില്ലല്ലോ: സാകേത് ഗോഖലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷാരൂഖ് ഖാനും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പത്താന്‍ സിനിമക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയോട് പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെ. ബി.ജെ.പിയെ നേരിട്ട് വിമര്‍ശിച്ചുകൊണ്ടാണ് സാകേത് ഗോഖലെയുടെ ട്വീറ്റ്.

ഹിജാബ് നിരോധനവും ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ പൂമാലയിട്ട് സ്വീകരിച്ചതുമെല്ലാം പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. സ്ത്രീകള്‍ എന്ത് ചെയ്താലും കുറ്റം കണ്ടെത്തുന്നവരാണ് ബി.ജെ.പിയെന്നും സാകേത് ഗോഖലെ പറയുന്നുണ്ട്.

‘സ്ത്രീകള്‍ ഹിജാബ് ധരിച്ചാല്‍ അത് ബി.ജെ.പിക്ക് പ്രശ്‌നമാണ്. സ്ത്രീകള്‍ ബിക്കിനി ധരിച്ചാലും ബി.ജെ.പിക്ക് പ്രശ്‌നമാണ്. അതായത്, അടിസ്ഥാനപരമായി സ്ത്രീകള്‍ എന്ത് ചെയ്താലും ബി.ജെ.പിക്ക് അത് പ്രശ്‌നമാണ്. ബലാത്സംഗക്കുറ്റക്കാരെ ശിക്ഷാ കാലാവധി കഴിയും മുമ്പ് വെറുതെ വിട്ടതിലും അവരെ പൂമാലയിട്ട് ബി.ജെ.പി സ്വീകരിച്ചതിലും ഇനിയാര്‍ക്കും അത്ഭുതം കാണില്ല,’ സാകേത് ഗോഖലെയുടെ പോസ്റ്റില്‍ പറയുന്നു.

നേരത്തെ, തൃണമൂല്‍ നേതാവായ റിജു ദത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ വീഡിയോയുമായെത്തി വിവാദത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

1998ലെ മിസ് ഇന്ത്യാ ഫാഷന്‍ ഷോയില്‍ നിന്നുള്ള സ്മൃതി ഇറാനിയുടെ വീഡിയോയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് റിജു ദത്ത തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്മൃതി ഇറാനി കാവി നിറത്തിലുള്ള സ്യൂട്ടിട്ട് റാമ്പ് വാക്ക് ചെയ്യുന്ന വീഡിയോയാണ് തൃണമൂല്‍ നേതാവ് പങ്കുവെച്ചത്.
ഇത് സ്ത്രീവിരുദ്ധതയാണെന്നായിരുന്നു ബി.ജെ.പിയിലെ ചിലരുടെ പ്രതികരണം.

‘കാവി നിറം നിങ്ങളുടെ പാര്‍ട്ടിയുടെ പിതൃ സ്വത്താണെന്ന അവകാശ വാദം ആദ്യം അവസാനിപ്പിക്കൂ. ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിറയലുണ്ടാകുന്നു. എന്നാല്‍ സ്മൃതി ഇറാനി ചെയ്യുമ്പോള്‍ നിങ്ങള്‍ കണ്ണടക്കുന്നു. എന്തൊരു തരം കാപട്യമാണിത്.

മാത്രമല്ല സ്ത്രീ ശാക്തീകരണത്തിന്റെ നിര്‍വചനമായ ഒരു നേതാവ് നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്നാല്‍ ബലാത്സംഗക്കാരെ സംസ്‌കാര സമ്പന്ന ബ്രാഹ്മണരായി കരുതുന്ന ഒരു പാര്‍ട്ടിയെ ആണ് നിങ്ങള്‍ പ്രതിനിധീകരിക്കുന്നത്,’ റിജു ദത്ത കൂട്ടിച്ചേര്‍ത്തു.

സിനിമാമേഖലയില്‍ നിന്നും നടന്‍ പ്രകാശ് രാജും സംഘപരിവാറിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നിരുന്നു. ബില്‍ക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ചതു പരാമര്‍ശിച്ചുകൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെയും ട്വീറ്റ്.

‘കാവി വസ്ത്രം ധരിച്ചവര്‍ റേപ്പിസ്റ്റുകളെ പൂമാലയിട്ട് സ്വീകരിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലല്ലേ. എം.എല്‍.എമാരെ പണമെറിഞ്ഞു വീഴ്ത്തുന്നതിലോ, വിദ്വേഷപ്രസംഗം നടത്തുന്നതിലോ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാവിവസ്ത്രധാരികളായ സ്വാമിമാര്‍ പീഡിപ്പിച്ചാലോ ഒന്നും പ്രശ്‌നമില്ല.

പക്ഷെ സിനിമയില്‍ ആ നിറത്തില്‍ ഒരു ഡ്രസ് വന്നതോടെ ആകെ പ്രശ്‌നമായി. ഇന്‍ഡോറില്‍ എസ്.ആര്‍.കെയുടെ കോലം കത്തിക്കുകയാണ്. അവരുടെ ആവശ്യമോ ‘പത്താന്‍’ നിരോധിക്കണം എന്നതും,’ എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

അതേസമയം, പത്താന്‍ സിനിമയിലെ ഗാനരംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പി മന്ത്രിമാരുള്‍പ്പെടെ സിനിമക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ റാം കദം ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.

പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.

ഈ വിവാദങ്ങള്‍ക്കിടയില്‍ സംഭവത്തെ നേരിട്ട് പരാമര്‍ശിക്കാതെ ഷാരൂഖ് ഖാനും പ്രതികരിച്ചിരുന്നു.
സമൂഹ മാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനവേദിയില്‍ വെച്ചായിരുന്നു ഷാരൂഖ് ഇത് പറഞ്ഞത്.

‘നിഷേധാത്മകത എന്നത് സമൂഹ മാധ്യമ ഉപയോഗത്തെ കൂട്ടുമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വര്‍ധിക്കും. അത്തരം ശ്രമങ്ങള്‍ കൂട്ടായ്മ എന്നതിനെ അവസാനിപ്പിച്ച് പകരം ഭിന്നിപ്പിക്കലിന് കാരണമാകും. വരുന്ന തലമുറയ്ക്കായി സിനിമയിലൂടെ നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാം. ലോകം എന്തുതന്നെ ചെയ്താലും ഞങ്ങളെപ്പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരും,’ എന്നായിരുന്നു ഷാരൂഖിന്റെ വാക്കുകള്‍.

Content Highlight: Saket Gokhale slams BJP over Pathaan song controversy and Bilkis Bano case

We use cookies to give you the best possible experience. Learn more