പൗരന്മാരുടെ വിവരച്ചോര്‍ച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ കഴിവുകേട്; മോദി എത്രനാള്‍ അവഗണിക്കുമെന്ന് തൃണമൂല്‍ നേതാവ്
national news
പൗരന്മാരുടെ വിവരച്ചോര്‍ച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ കഴിവുകേട്; മോദി എത്രനാള്‍ അവഗണിക്കുമെന്ന് തൃണമൂല്‍ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th June 2023, 1:50 pm

കൊല്‍ക്കത്ത: കോവിഡ് വാക്‌സിനെടുത്ത രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ രാജ്യത്തെ നിരവധി പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ മോദി സര്‍ക്കാര്‍ മിണ്ടാത്തത് എന്ത് കൊണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ.

കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ കഴിവുകേട് പ്രധാനമന്ത്രി മോദി എത്രനാള്‍ അവഗണിക്കുമെന്നും ഗോഖലെ ചോദിച്ചു. ‘വാക്‌സിനേഷന്‍ എടുത്ത എല്ലാ ഇന്ത്യക്കാരുടെയും മൊബൈല്‍ നമ്പറുകള്‍, ആധാര്‍ നമ്പറുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍, വോട്ടര്‍ ഐഡി, കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളെല്ലാം ചോര്‍ന്നത് ഞെട്ടിക്കുന്ന സംഭവമാണ്.

അവ സൗജന്യമായി ലഭ്യമാണ്. സംഭവത്തെക്കുറിച്ച് കേന്ദ്രം അറിയാത്തത് എന്തുകൊണ്ടാണ്? മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ ഡാറ്റാ ചോര്‍ച്ചയുണ്ടായി. റെയില്‍വേയ്ക്ക് പുറമേ ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി വകുപ്പുകളുടെ തലവനായ അശ്വിനി വൈഷ്ണവാണ് ഇതിന്റെ ചുമതല വഹിക്കുന്ന മന്ത്രി. അശ്വിനി വൈഷ്ണവിന്റെ കഴിവുകേട് പ്രധാനമന്ത്രി മോദി എത്രനാള്‍ അവഗണിക്കും?,’ സാകേത് ഗോഖലെ ചോദിച്ചു.

രാജ്യസഭാ എംപിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറിക് ഒബ്രിയാന്‍, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം, കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, കെ.സി. വേണുഗോപാല്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിബന്‍ഷ് നാരായണ്‍ സിങ്, രാജ്യസഭാ എം.പി.മാര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ എം.പി.മാരുടെ ഡാറ്റ ചോര്‍ച്ച ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സുസ്മിത ദേവ്, അഭിഷേക് മനു സിങ്‌വി, സഞ്ജയ് റാവത്ത്, ഇന്ത്യാ ടുഡേയിലെ രാജ്ദീപ് സര്‍ദേശായി, മോജോ സ്റ്റോറിയിലെ ബര്‍ഖ ദത്ത്, ദി ന്യൂസ് മിനിറ്റിലെ ധന്യ രാജേന്ദ്രന്‍, ടൈംസ് നൗവിലെ രാഹുല്‍ ശിവശങ്കര്‍ എന്നിവരുള്‍പ്പെടെ നിരവധി പേരുടെ വിവരങ്ങളും ചോര്‍ന്നതായി അദ്ദേഹം പറഞ്ഞു.

ശക്തമായ ഡാറ്റ സുരക്ഷ പാലിക്കുന്നുവെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ പാസ്പോര്‍ട്ട് നമ്പര്‍, ആധാര്‍ നമ്പര്‍ മുതലായവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന് ഖോകലെ ചോദിച്ചു. ‘എന്തുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ള മോദി സര്‍ക്കാര്‍ ഇത് ചെയ്യാത്തത്.

ഈ ചോര്‍ച്ചയെക്കുറിച്ച് അറിഞ്ഞിട്ടും എന്തുകൊണ്ട് ഒരു ഡാറ്റാ ചോര്‍ച്ചയെക്കുറിച്ച് ഇന്ത്യക്കാരെ അറിയിച്ചില്ല? ആധാര്‍, പാസ്പോര്‍ട്ട് നമ്പറുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് വ്യക്തിഗത ഡാറ്റയിലേക്ക് ആരാണ് പ്രവേശനം നല്‍കിയത്?,’ ഗോഖലെ ചോദിച്ചു.

Content Highlights: saket gokhale criticizes modi, aswini vaishnav on data leak of cowin app