കൊല്‍ക്കത്ത: 261 ഇന്ത്യക്കാരുടെ രക്തം ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കൈകളിലുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഖോകലെ. 2011-12ല്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ആന്റി കൊളീഷന്‍ ടെക്‌നോളജിയായ ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (TCAS) മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാടെ അവഗണിച്ചുവെന്നും സാകേത് പറയുന്നു.
റെയില്‍വേ ആന്റി കൊളീഷന്‍ സാങ്കേതിക വിദ്യയെ കുറ്റകരമായി അവഗണിക്കുന്ന മോദി സര്‍ക്കാരിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വസ്തുതകള്‍ എന്ന തലക്കെട്ടോടെയാണ് സാകേത് ഈ ട്വീറ്റ് പങ്കുവെച്ചത്. ഈ സാങ്കേതിക വിദ്യയെ മോദി കവച് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്ത് അവതരിപ്പിച്ചെങ്കിലും മൊത്തം റെയില്‍വേ റൂട്ടുകളുടെ രണ്ട് ശതമാനം മാത്രമാണ് ഇതുവരെ കൊണ്ടുവന്നിട്ടുള്ളത്.
ഇന്ത്യന്‍ റെയില്‍വേയുടെ ആകെ 68,043 കിലോമീറ്റര്‍ പാതയില്‍ വെറും 1445 കിലോമീറ്റര്‍ ദൂരത്തേക്ക് മാത്രമാണ് ഈ സാങ്കേതികത സ്ഥാപിച്ചത്. അതായത് 98 ശതമാനത്തോളം റെയില്‍വേ റൂട്ടുകളും കൂട്ടിയിടി സാധ്യതയുള്ളതായിരിക്കെ, വന്ദേഭാരത് ബുള്ളറ്റ് ട്രെയിനുകള്‍ക്ക് പിന്നിലെ പി.ആര്‍ ഫോട്ടോഷൂട്ടുകളിലായിരുന്നു മോദിജി. അതിനാല്‍ 261ലധികം ആളുകള്‍ മരിക്കുകയും 900ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2012ല്‍ ലഭ്യമായിരുന്ന റെയില്‍വേയുടെ സുരക്ഷാ ടെക്‌നോളജി നടപ്പിലാക്കുന്നതില്‍ കുറ്റകരമായ വീഴ്ച വരുത്തിയ, ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളില്‍ 261 ഇന്ത്യക്കാരുടെ രക്തക്കറയുണ്ടെന്നും സാകേത് ട്വീറ്റ് ചെയ്തു.
നാണക്കേടിന്റെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ റെയില്‍വേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉടന്‍ രാജിവെക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, റെയില്‍വേ മന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി.
Content Highlights: saket gokhale criticizes modi and railway minister for neglecting TCAS