| Sunday, 24th January 2021, 10:11 am

രാജ്യരഹസ്യങ്ങള്‍ വാലാട്ടി പട്ടികള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നയാളുടെ അനുനായികളില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കണം?; കൊല്‍ക്കത്തയിലെ 'ജയ് ശ്രീറാം' സംഭവത്തില്‍ സാകേത് ഗോഖലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത പൊതു ചടങ്ങില്‍ ഹിന്ദുത്വ വാദികള്‍ ജയ് ശ്രീറാം മുഴക്കിയ സംഭവത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റ് സാകേത് ഗോഖലെ. മോദിയ്ക്കായി പണം വാങ്ങി എത്തിയവരാണ് കൊല്‍ക്കത്തയില്‍ ജയ് ശ്രീറാം മുഴക്കിയതെന്നും സാകേത് ഗോഖലെ പറഞ്ഞു.

‘പണം വാങ്ങി മോദിയെ പിന്തുണയ്ക്കാനെത്തിയവരാണ് കൊല്‍ക്കത്തയില്‍ ജയ് ഹിന്ദിന് പകരം ജയ് ശ്രീറാം മുഴക്കിയത്.

ഇവരുടെ ഊതിപെരുപ്പിച്ച ദേശീയതാ വാദത്തെ കുറച്ചു കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം.

രാജ്യത്തെ തന്റെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ക്ക് വില്‍ക്കുകയും രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ വാലാട്ടി പട്ടികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന ഒരാളുടെ അനുയായികളില്‍ നിന്ന് ഇതില്‍കൂടുതല്‍ എന്താണ് നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കുക?,’ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ വെച്ച് നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ വെച്ചായിരുന്നു ജയ് ശ്രീറാം വിളിയും മമതയുടെ പ്രതിഷേധവും നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനുണ്ടായിരുന്നു.

മമത പ്രസംഗിക്കാന്‍ ഡയസിലേക്ക് എത്തിയ സമയത്ത് സദസ്സിലെ ഒരു വിഭാഗം ആളുകള്‍ ജയ് ശ്രീറാം വിളി മുഴക്കുകയായിരുന്നു. തുടര്‍ന്ന മമത സംഭവത്തില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

‘ഇത് ഒരു സര്‍ക്കാര്‍ ചടങ്ങാണ്, അല്ലാതെ രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയല്ല. ഇതിന് ഒരു അന്തസ്സ് വേണം. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഞാന്‍ ഇനിയൊന്നും സംസാരിക്കില്ല. ജയ് ബംഗ്ലാ, ജയ് ഹിന്ദ്.’ മമത ബാനര്‍ജി പറഞ്ഞു. തുടര്‍ന്ന് ചടങ്ങില്‍ നിന്നും മമത ബാനര്‍ജി ഇറങ്ങിപ്പോകുകയായിരുന്നു.

നേരത്തെ പ്രസംഗിച്ച് കൊണ്ടിരിക്കവെ ഇന്ത്യയുടെ തലസ്ഥാനമായി ദല്‍ഹിയെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. തലസ്ഥാനമായി ദല്‍ഹിയെ മാത്രം പരിഗണിക്കുന്നതിന് പകരം ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനങ്ങള്‍ വേണമെന്നാണ് മമത ആവശ്യപ്പെട്ടത്.

മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞ ആസൂത്രണ കമ്മീഷന്‍ തിരികെ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. നീതി ആയോഗിനും ആസൂത്രണ കമ്മീഷനും പരസ്പരം സഹകരിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. നേതാജിയുടെ ജന്മവാര്‍ഷികം അവധി ദിവസമായി പ്രഖ്യാപിക്കണമെന്നും മമത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saket Gokhale against Modi on Jai Sriram call on the open stage in Kolkata where Mamata also present

We use cookies to give you the best possible experience. Learn more