| Sunday, 24th November 2024, 9:44 am

മലയാള സിനിമയില്‍ വീഴ്ത്താന്‍ പറ്റാത്ത നടനാണ് അദ്ദേഹം: സഞ്ജു ശിവറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സഞ്ജു ശിവറാം. ഫഹദ് എന്ന് പറയുന്നത് ഒരു തോറ്റ അഭിനേതായിരുന്നില്ലേയെന്നും അവിടെ നിന്ന് ഫഹദ് നടത്തിയ യാത്ര അത്ഭുതമാണെന്നും സഞ്ജു പറയുന്നു. മലയാള സിനിമയില്‍ വീഴ്ത്താന്‍ കഴിയാത്ത നടനാണ് ഫഹദ് ഫാസിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു ശിവറാം.

‘ഭീകര ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയ നടനല്ലേ ഫഹദ് ഫാസില്‍. നമ്മള്‍ വര്‍ക്ക് ചെയ്യുന്ന ആര്‍ട്ടിസ്റ്റുകളുടെ അടുത്ത് നിന്ന് നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ഉണ്ടാകും. അങ്ങനെ നമ്മള്‍ ഓരോരുത്തരെയും സമീപിക്കുകയാണെങ്കില്‍ എല്ലാവരുടെ കയ്യില്‍ നിന്നും വളരെ രസകരമായിട്ടുള്ള കാര്യങ്ങള്‍ കിട്ടും.

ഫഹദ് എന്ന് പറയുന്നത് ഒരു തോറ്റ അഭിനേതാവായിരുന്നില്ലേ. അദ്ദേഹം ഇവിടെ നിന്ന് രക്ഷപ്പെട്ട് പോയതാണ്. എങ്ങനെയെങ്കിലും എനിക്ക് അമേരിക്കയില്‍ എത്തിയാല്‍ മതിയെന്ന ചിന്തയോടെയായിരുന്നു അദ്ദേഹം ഇവിടെനിന്ന് പോയത്. അത്രക്ക് അദ്ദേഹം വേദനിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ഞങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്, എന്താലേ ഇത്രയും ലജന്റ്‌സിനെ കൊണ്ട് വന്ന ഫാസില്‍ സാറിന് എന്നാല്‍ സ്വന്തം മകന്റെ കാര്യം വന്നപ്പോള്‍ പാളിപ്പോയെന്ന്. എല്ലാം ഒരു വിധിയാണ്.

അതിന് ശേഷം ഫഹദ് ഇവിടെ നിന്ന് വാനിഷായി. പത്ത് വര്‍ഷത്തിന് ശേഷം തിരിച്ച് വന്ന് ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച നടനായി മാറുന്നു. പലരും നെപ്പോട്ടിസം എന്നൊക്കെ പറയുന്നത് കേള്‍ക്കാം. അങ്ങനെ ആണെകില്‍ ആദ്യത്തെ ദിവസം മുതല്‍ തന്നെ അദ്ദേഹം സക്‌സസ് ആകേണ്ടതല്ലേ. എന്റെ സുഹൃത്തുക്കളില്‍ പലരും പറയുന്നത് കേള്‍ക്കാം അദ്ദേഹം നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച്.

അവിടെ നിന്ന് കേറി കേറി വന്ന് ഓരോ കഥാപാത്രങ്ങളെയും സിനിമകളെയും ചെയ്ത് ഇന്ന് മലയാളത്തിലെ നല്ലൊരു നിര്‍മാതാവും ഇന്ത്യ മൊത്തം അറിയുന്ന നടനുമായി മാറിയില്ലേ. ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ മനോഹരമാണ്. എനിക്ക് പലപ്പോഴു തോന്നിയിട്ടുണ്ട് മലയാളത്തില്‍ ഒരിക്കലും വീഴ്ത്താന്‍ പറ്റാത്ത നടനാണ് അദ്ദേഹമെന്ന്,’ സഞ്ജു ശിവറാം പറയുന്നു.

Content highlight: Saju Sivram Talks About Fahad Fasil

We use cookies to give you the best possible experience. Learn more