|

മമ്മൂക്ക അത് പറഞ്ഞതും എന്റെ ഗ്യാസ് പോയി; ആദ്യ ടേക്ക് കഴിഞ്ഞതും മമ്മൂക്ക ഇടയ്ക്കുകയറി: സാജു നവോദയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡിയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് സാജു നവോദയ. പാഷാണം ഷാജിയെന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഇപ്പോള്‍ താന്‍ പത്തേമാരി സിനിമയില്‍ അഭിനയിക്കുമ്പോള്‍ നടന്ന ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാജു.

‘ഞാന്‍ മമ്മൂക്കയുടെ കൂടെ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ ചെയ്യുന്നതിന് മുന്‍പ് പത്തേമാരി എന്ന പടത്തില്‍ അഭിനയിച്ചിരുന്നു. ആ പടത്തിനൊക്കെ മുമ്പ് ഒരു സിനിമ ഷൂട്ട് ചെയ്യുന്നത് കാണാന്‍ പോലും പോയിട്ടില്ലാത്ത ആളായിരുന്നു ഞാന്‍.

അപ്പോള്‍ ഞാന്‍ പത്തേമാരിയുടെ ലൊക്കേഷനില്‍ ചെന്ന ഉടനെ ചോദിച്ചത് മമ്മൂക്ക എവിടേയെന്നായിരുന്നു. അപ്പോള്‍ ആരോ ഇക്ക കാരവാനില്‍ ഉണ്ടെന്ന് പറഞ്ഞു. അത് കഴിഞ്ഞ് ഞങ്ങളെ റിഹേഴ്‌സല്‍ ചെയ്യാന്‍ വിളിച്ചു.

ഞാന്‍ ഒരു ബക്കറ്റില്‍ വെള്ളം എടുത്ത് അതില്‍ സോപ്പ് പൊടി ഇട്ട് കലക്കി, ശ്രീനിവാസന്‍ ചേട്ടനോട് അതൊന്ന് വാഷ് ചെയ്ത് വരാമെന്ന് പറഞ്ഞിട്ട് അതുമെടുത്ത് പോകുമ്പോള്‍ ആണ് സീനില്‍ മമ്മൂക്കയുടെ എന്‍ട്രി വരുന്നത്.

ഞാന്‍ ഈ ബക്കറ്റ് എടുത്ത് തിരിഞ്ഞതും വാതിലിന്റെ അടുത്ത് കയ്യും വെച്ച് ഒരാള്‍ നില്‍ക്കുകയാണ്. ഞാന്‍ തലയുയര്‍ത്തി നോക്കി ഗുഡ് മോര്‍ണിങ് സാര്‍ എന്ന് പറഞ്ഞു. പിന്നെയും എന്തൊക്കെയോ പറഞ്ഞു. അതിന് മറുപടിയായി തലയാട്ടി ആഹ് എന്ന് പറഞ്ഞ് മമ്മൂക്ക പോയി.

അങ്ങനെ ആ സീന്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങി. ഫസ്റ്റ് ഷോട്ട് എത്തി. അതും വലിയ ഒരു പേപ്പര്‍ നിറയെ ഡയലോഗാണ്. ഞാന്‍ ഇത് മുഴുവന്‍ പറയണം. അപ്പോള്‍ മമ്മൂക്കയോട് ‘ഇക്ക ഇക്കയുടെ ഡയലോഗ് പറഞ്ഞു കഴിഞ്ഞാല്‍ ഷാജി ഈ ഡയലോഗ് പറയും’ എന്ന് അവിടുന്ന് അവര് പറഞ്ഞു.

മമ്മൂക്ക ആ പേപ്പറിലേക്ക് ഒന്ന് നോക്കിയിട്ട് ‘പറഞ്ഞാല്‍ മതി’ എന്നാണ് പറഞ്ഞത്. അത് പറഞ്ഞു കേട്ടതും എന്റെ ഗ്യാസ് പോയി. പക്ഷേ ആദ്യ ടേക്കില്‍ ഞാന്‍ കറക്റ്റ് പറഞ്ഞു. എല്ലാവരും ഒക്കെ പറഞ്ഞതും മമ്മൂക്ക ഇടക്ക് കയറി ‘നില്‍ക്ക് ഒരു മിനിട്ട്’ എന്ന് പറഞ്ഞു.

എന്നിട്ട് എന്നോട് ഡയലോഗ് ഒരു പ്രസംഗത്തിന്റെ മോഡില്‍ പറയാന്‍ പറഞ്ഞു. മമ്മൂക്കയെ നാട്ടിലേക്ക് യാത്ര അയക്കുന്ന സീന്‍ ആയിരുന്നു അത്. ഞാന്‍ അടുത്ത ടേക്കില്‍ അത് പ്രസംഗം പറയുന്നത് പോലെ പറഞ്ഞു. അദ്ദേഹം എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു,’ സാജു നവോദയ പറഞ്ഞു.


Content Highlight: Saju Navodaya Talks About Mammootty