| Saturday, 14th October 2023, 11:21 pm

ഏത് സിദ്ദീഖ് സാര്‍, ഞാന്‍ പറഞ്ഞിട്ടാണ് നിന്നെ വിളിച്ചതെന്ന് മമ്മൂക്ക പറഞ്ഞു: സാജു നവോദയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദീഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌കലിലേക്ക് തന്നെ നിര്‍ദേശിച്ചത് മമ്മൂട്ടിയാണെന്ന് നടന്‍ സാജു നവോദയ. ചിത്രം റിലീസ് ചെയ്തതിന് ശേഷം മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും സാജു പറഞ്ഞു. തന്നെ പോലെ ഒരുപാട് മിമിക്രി ആര്‍ടിസ്റ്റുകളെ മമ്മൂട്ടിക്ക് അറിയാമെന്നും അവര്‍ക്കൊക്കെ അദ്ദേഹം അവസരം കൊടുത്തിട്ടുണ്ടെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാജു പറഞ്ഞു.

പത്തേമാരിയിലാണ് ഞാന്‍ ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. അന്ന് ഞാന്‍ ഡയലോഗ് പറയുന്നതൊക്കെ ശ്രദ്ധിച്ച് മാറ്റേണ്ട കാര്യങ്ങളൊക്കെ അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട്. പിന്നെ ഒരുമിച്ച് അഭിനയിച്ചത് ഭാസ്‌കര്‍ ദി റാസ്‌ക്കലാണ്.

ആദ്യത്തെ ദിവസം മമ്മൂക്ക വന്നപ്പോള്‍ സിദ്ദീഖ് സാര്‍ ഒരോരുത്തരെ പരിചയപ്പെടുത്തി. ഞാന്‍ കൊല്ലം സുധിയുടെ കൂടെ നില്‍ക്കുകയാണ്. ഇത് കൊല്ലം സുധി, ഇത് സാജു നവോദയ എന്ന് സിദ്ദീഖ് സാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പുള്ളീടെ കൂടെ അഭിനയിച്ചിട്ടുണ്ട്, പുള്ളി മറന്നുപോയതാണെന്നാണ് മമ്മൂക്ക പറഞ്ഞത്. ആ പടത്തിന് ഞാന്‍ ഡബ്ബ് ചെയ്യുമ്പോള്‍ ഏതൊക്കെ മോഡുലേഷനില്‍ ഡബ്ബ് ചെയ്യണമെന്ന് പറഞ്ഞുതന്നിട്ടുണ്ട്.

ആ സിനിമ ഇറങ്ങി കഴിഞ്ഞ് ചാനലില്‍ ഇന്റര്‍വ്യൂ വന്നു. ഓരോ ചാനലിലും പോവുമ്പോഴും, സിദ്ദീഖ് സാര്‍ പടത്തിലേക്ക് വിളിച്ചതില്‍ സന്തോഷമുണ്ട്, സാറിനോട് നന്ദി പറയുകയാണ് എന്ന് ഞാന്‍ പറയും. രണ്ടുമൂന്ന് ചാനലില്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ നീ നിര്‍ത്ത്, ഏത് സിദ്ദീഖ് സാര്‍, ഞാന്‍ പറഞ്ഞിട്ടാണ് നിന്നെ വിളിച്ചതെന്ന് മമ്മൂക്ക പറഞ്ഞു. അപ്പോഴാണ് ഞാന്‍ അത് അറിയുന്നത്. എന്നെ പോലെ കുറേ മിമിക്രി ആര്‍ടിസ്റ്റുകളെ മമ്മൂക്കക്ക് അറിയാം. അവര്‍ക്കൊക്കെ അവസരം കൊടുത്തിട്ടുണ്ട്,’ സാജു പറഞ്ഞു.

മിസ്റ്റര്‍ ഹാക്കറാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ സാജുവിന്റെ ചിത്രം. നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ച മിസ്റ്റര്‍ ഹാക്കറില്‍ അന്ന രേഷ്മ രാജന്‍, ഭീമന്‍ രഘു, സംവിധായകന്‍ എം.എ. നിഷാദ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Saju Navodaya about mammootty and bhaskar the rascal

We use cookies to give you the best possible experience. Learn more