national news
കോണ്‍ഗ്രസ് വേദിയില്‍ നിന്ന് ജഗദീഷ് ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും ഇറക്കി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 09, 07:45 am
Monday, 9th April 2018, 1:15 pm

ന്യൂദല്‍ഹി: ദളിത് പീഡനത്തിനെതിരെ പ്രതിഷേധിച്ച് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസത്തിനിടെ സിഖ് കലാപത്തില്‍ ആരോപണ വിധേയരായ ജഗദീഷ് ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും വേദിയില്‍ നിന്ന് ഇറക്കി വിട്ടു.

രാഹുല്‍ഗാന്ധി പങ്കെടുക്കാനിരുന്ന പരിപാടിയില്‍ ഷീല ദീക്ഷിതടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് സജ്ജന്‍ കുമറിനെയും ടൈറ്റ്‌ലറെയും ഇറക്കി വിട്ടത്. വേദി വിടുന്നതിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനുമായി ടൈറ്റ്‌ലര്‍ സംസാരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യവ്യാപകമായി ജില്ലാ തലസ്ഥാനങ്ങളിലടക്കം ഉപവാസ സമരം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. 1984ലെ സിഖ് കലാപത്തിന് നേതൃത്വം നല്‍കിയെന്ന ആരോപണ വിധേയരായ നേതാക്കളാണ് ടൈറ്റ്‌ലറും സജ്ജന്‍ കുമാറും

കലാപക്കേസില്‍ അന്വേഷണം നടത്തിയ നാനാവതി കമ്മീഷന്‍ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍, എച്ച്.കെ.എല്‍. ഭഗത് എന്നിവര്‍ക്കും അന്നത്തെ പൊലീസ് കമ്മീഷണറായിരുന്ന എസ്.സി. ടാണ്ഡനും കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ജഗദീഷ് ടൈറ്റ്ലര്‍ക്ക് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജി വെക്കേണ്ടി വന്നിരുന്നു.