കാശ്മീര്‍ താഴ്വരയില്‍ തോക്ക് സംസ്‌കാരം കൊണ്ടു വന്നത് സജ്ജാദ് ലോണിന്റെ പിതാവ്;ഫറൂഖ് അബ്ദുള്ള
national news
കാശ്മീര്‍ താഴ്വരയില്‍ തോക്ക് സംസ്‌കാരം കൊണ്ടു വന്നത് സജ്ജാദ് ലോണിന്റെ പിതാവ്;ഫറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 11:17 am

ബാരമുള്ള: പീപിള്‍ കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിന്റെ പിതാവ് അബ്ദുല്‍ ഘാനി ലോണ്‍ ആണ് കാശ്മീര്‍ താഴ്വരയില്‍ തോക്ക് സംസ്‌കാരം കൊണ്ടു വന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള.

“മുഖ്യമന്ത്രി സ്ഥാനത്തു നിന്നും എന്നെ ജഗ്മോഹന്‍ (ജമ്മു കാശ്മീര്‍ ഗവര്‍ണ്ണര്‍) പുറത്താക്കിയപ്പോള്‍ അവന്റെ (സജ്ജാദ് ലോണ്‍) പിതാവ് എന്റെ അടുക്കല്‍ വന്ന് “ഞാന്‍ പാകിസ്ഥാനില്‍ പോവുകയാണ്. ഞാന്‍ തോക്കു കൊണ്ടുവരാന്‍ പോവുകയാണ് എന്ന് പറഞ്ഞു””- ഫറൂഖ് അബ്ദുള്ള പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

“തോക്കു കൊണ്ടു വരരുതെന്ന് ഞാന്‍ അവനോട് കൂപ്പ് കൈയോടെ അപേക്ഷിച്ചു. തോക്കു കൊണ്ടു വന്നാല്‍ നമ്മുടെ ജവാന്മാര്‍ കൊല്ലപ്പെടും, നമ്മുടെ വീട്, നാട്, പട്ടണം എല്ലാം നശിക്കും എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ അവന്‍ തോക്കു കൊണ്ടു വന്നു. പക്ഷെ തിരിച്ചു വന്നപ്പോള്‍ തോക്കു കൊണ്ടു വന്നത് തെറ്റായിപ്പോയെന്ന് അവന്‍ എന്നോട് കുറ്റസമ്മതം നടത്തി”- ഫറൂഖ് തുടര്‍ന്നു.

പി.ഡി.പിയുമായി സഖ്യത്തിലേര്‍പ്പെട്ടത് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 അ, ആര്‍ട്ടിക്കിള്‍ 370 എന്നിവ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജമ്മു കാശ്മീരില്‍ സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രത്തിന്റെ സമ്മര്‍ദമുണ്ടായതായി ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു.

ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ്-പി.ഡി.പി-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം രൂപീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍ ഗവര്‍ണ്ണര്‍ ഉടന്‍ നിയമസഭ പിരിച്ചു വിടുകയായിരുന്നു. അതേസമയം ലോണിനെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെക്കുറിച്ച് പുറത്തു പറഞ്ഞ തന്നെ എപ്പോള്‍ വേണമെങ്കിലും സ്ഥലം മാറ്റിയേക്കാം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞിരുന്നു.

Photo Credit: Nissar Ahmad