|

'രണ്ട് പതിറ്റാണ്ട് കാലത്തെ എന്റെ പ്രയത്‌നത്തിന് വിലയില്ലേ'; മാമാങ്കം സിനിമയുടെ നിര്‍മ്മാതാവിന് മറുപടിയുമായി സംവിധായകന്‍ സജീവ് പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: “മാമാങ്കം” സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള. നിര്‍മാതാവ് വേണുകുന്നപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്ന് സജീവ് പിള്ള പറയുന്നു.

“മുതലാളിമാര്‍ക്ക് വേണ്ടി മലയാള സിനിമ രംഗത്തെ വ്യവസ്ഥാപിതമായ സംഘങ്ങളൊക്കെയും ഒറ്റക്കെട്ടായി തനിക്ക് എതിരെ നില്‍ക്കുകയാണ്. തൊഴിലാളികളെ സംരക്ഷിക്കേണ്ട സംഘടനകള്‍ മുതലാളിമാര്‍ക്ക് അനുകുലമായി പ്രവര്‍ത്തിക്കുകയാണ്.”

പ്രമുഖരുടെ ഡേറ്റും പണവും ആണ് സിനിമയിലെ ഒരോരുത്തരുടെയും അസ്തിത്വം നിര്‍ണ്ണയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ALSO READ: ആനന്ദ് തെല്‍തുംദെയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കാന്‍ കോടതി ഉത്തരവ്

തനിക്ക് സിനിമയില്‍ അനുഭവ സമ്പത്തില്ലെന്ന വാദത്തേയും അദ്ദേഹം തള്ളി. അടൂര്‍ ഗോപാലകൃഷ്ണന്‍, എസ്.കുമാര്‍, എം.ജെ.രാധാകൃഷ്ണന്‍, രാജീവ് രവി, മധു നീലകണ്ഠന്‍, എന്‍.ഹരികുമാര്‍, പ്രമോദ്‌തോമസ്, അരുണ്‍ കുമാര്‍ അരവിന്ദ്, ബി.അജീത് കുമാര്‍, സുനില്‍ കെ.എസ്.തുടങ്ങി പലരുടേയും കൂടെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സജീപ് പിള്ള പറഞ്ഞു.

“ഏതാണ്ട് രണ്ട് പതിറ്റാണ്ടായി ഞാന്‍ പ്രയത്‌നിച്ചുണ്ടാക്കിതാണ് ഈ സിനിമ. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമിട്ട് പണം മുടക്കാന്‍ വന്നു ചേര്‍ന്ന ഒരാള്‍ പണാധികാരവും സ്വാധീനവും കൊണ്ട് പെട്ടെന്ന് തീരുമാനിച്ചാല്‍ നിയമപരമായോ യുക്തിപരമായോ ധാര്‍മികമായോ അവസാനിക്കുന്നതാണോ ഈ സിനിമയുമായുള്ള എന്റെ ബന്ധം”.

ALSO READ: ഋഷി കുമാര്‍ ശുക്ല പുതിയ സി.ബി.ഐ മേധാവി

തന്റെ തിരക്കഥയുള്‍പ്പെടെ തിരുത്താനുള്ള ശ്രമങ്ങള്‍ നടന്നുവെന്നും ഇതിന് പിറകെയാണ് അഭിപ്രായ ഭിന്നതകള്‍ രൂപം കൊണ്ടതെന്നും സജീവ് പിള്ള പറയുന്നു. ഇനി വരുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തിനും ഈ അവസ്ഥ വരരുതെന്ന് ഉദ്ദേശിച്ചാണ് ഇപ്പോള്‍ രംഗത്തെത്തുന്നതെന്നും അദ്ദേഹം പറയുന്നു.

പരിചയക്കുറവും ഗുണമേന്മ ഇല്ലായ്മയും മൂലം പത്ത് കോടിയോളം രൂപയുടെ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സജീവ് പിള്ളയെ പുറത്താക്കിയതെന്നായിരുന്നു വേണു കുന്നപ്പിള്ളി പറഞ്ഞത്. ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസിലായതെന്നും അതിനുള്ളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നെന്നും വേണു കുന്നപ്പള്ളി പറഞ്ഞിരുന്നു.

WATCH THIS VIDEO: