| Sunday, 10th November 2019, 7:42 pm

ലൈംഗികമായും ശാരീരികമായും ആക്രമിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം; സജിതാ മഠത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി നടി സജിതാ മഠത്തില്‍. ഡി.ജി.പിക്കാണ് സജിതാ മഠത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.

തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

തന്നെ ശാരീരികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ടന്നും പൊതുസ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ അപമാനിക്കാനും അധിക്ഷേപിക്കാനും ഇല്ലാതാക്കാനും നടത്തുന്ന ശ്രമം രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായി കണ്ട് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും സജിത നേരിട്ടത്. സൈബര്‍ ആക്രമണത്തേത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി കുറിപ്പ് വന്നിരുന്നു. അലന്റെ മാതൃസഹോദരിയാണ് സജിത.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സജിത സ്വീകരിച്ച നിലപാടും നടി ആക്രമികപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച നിലപാടും ചേര്‍ത്തായിരുന്നു ആക്രമണം. അലന്‍ അറസ്റ്റിലായ നടപടിയില്‍ സന്തോഷിച്ച് ദിലീപ് ഓണ്‍ലൈനും രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പോ ചേച്ചിക്ക് സന്തോയം. ഇപ്പോ സ്വന്തം ‘വാവ’ യ്ക്കിട്ടായപ്പൊ കണ്ണീര്‍’ എന്നാണ് ദീലീപ് ഓണ്‍ലൈന്‍ പ്രതികരിച്ചത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സജിത സ്വീകരിച്ച നിലപാടിനുള്ള ശിക്ഷയും ശാപവുമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എന്ന ആക്ഷേപയും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരുന്നു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും ഇപ്പോള്‍ ഉണ്ടാകുന്ന സോഷ്യല്‍ മീഡിയ ആക്രമണം തന്നെ സംബന്ധിച്ചു വിഷയമേ അല്ലെന്നും സജിത പ്രതികരിച്ചു.

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ശാപം കിട്ടുകയാണെങ്കില്‍ ആ ശാപം എടുക്കാന്‍ തയ്യാറാണെന്നും ഇനിയും തന്റെ രാഷ്ട്രീയ ബോധ്യങ്ങളിലൂടെ മാത്രമേ മുന്നോട്ടു പോകൂ എന്നും സജിത പറഞ്ഞു.

തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിലാണെന്നും തന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിഷയം മാത്രമാണെന്നും സജിത പറഞ്ഞു.

ആക്രമണം നടത്തുന്നവരുടെ വീടുകളിലും അലന്റെ പ്രായത്തിലുള കുട്ടികളുണ്ടെന്നും പൊലീസുകാര്‍ നിങ്ങളുടെ വീടുകളിലേയ്ക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും സജിതാ മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അലന്‍ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു ജാമ്യം നിഷേധിച്ചത്.

പൊലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യു.എ.പി.എ ചുമത്തിയതിന്റെ കാരണവും പൊലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.

യുഎപിഎ കേസില്‍ നേരത്തെ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും അലനും താഹക്കും ജാമ്യം നിഷേധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more