| Thursday, 5th December 2024, 11:48 am

ആ രണ്ട് നടന്മാരും നായകന്മാരായതോടെ പേടിയായി; എന്റെ റോള്‍ മറ്റൊരാള്‍ ചെയ്യുന്നതല്ലേ നല്ലതെന്ന് ഞാന്‍ ചോദിച്ചു: സജിത മഠത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോയ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഷട്ടര്‍. കോഴിക്കോടിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സിനിമ ഒരുങ്ങിയത്. ലാല്‍, ശ്രീനിവാസന്‍, സജിത മഠത്തില്‍, വിനയ് ഫോര്‍ട്ട്, റിയ സൈറ എന്നിവരായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

ഷട്ടറില്‍ സജിത മഠത്തില്‍ തങ്കം എന്ന കഥാപാത്രമായിട്ടായിരുന്നു അഭിനയിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സജിത നേടിയിരുന്നു. സിനിമയില്‍ അഭിനയിക്കുകയെന്നത് തന്റെ മോഹമേ ആയിരുന്നില്ലെന്ന് പറയുകയാണ് നടി.

നാടകം ചെയ്യുകയെന്നത് മാത്രമായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും ഷട്ടറിനെ തുടക്കത്തില്‍ ഒരു വലിയ പ്രൊജക്റ്റായി കണ്ടിരുന്നില്ലെന്നും സജിത പറഞ്ഞു. നടന്‍ ലാലും ശ്രീനിവാസനും സിനിമയില്‍ ജോയിന്‍ ചെയ്തതോടെ അത് വലിയ പ്രൊജക്ടായെന്നും അതോടെ തനിക്ക് പേടി തോന്നിയെന്നും നടി പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സജിത.

‘ഞാന്‍ നാടകമാണ് പഠിച്ചത്. ഷട്ടര്‍ സിനിമയുടെ സംവിധായകന്‍ ജോയ് മാത്യു ആയിരുന്നു. അദ്ദേഹം കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ എന്റെ സൂപ്പര്‍ സീനിയര്‍ ആയിരുന്നു. നാടകം വഴിയും മറ്റും ഞങ്ങള്‍ തമ്മില്‍ വളരെയധികം പരിചയം ഉണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഷട്ടര്‍ ചെയ്യുമ്പോള്‍ എന്നെ അതിലേക്ക് വിളിക്കുന്നത്.

സിനിമയില്‍ അഭിനയിക്കുകയെന്നത് എന്റെ മോഹമേ ആയിരുന്നില്ല. ആ കാലത്ത് സിനിമാ മോഹം ഉണ്ടായിരുന്നില്ല. നാടകം ചെയ്യുക എന്നത് മാത്രമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഞാന്‍ ഷട്ടറിനെ ഒരു വലിയ പ്രൊജക്റ്റായി കണ്ടിരുന്നില്ല. ജോയ് മാത്യുവിന്റെ താത്പര്യത്തില്‍ ഏതോ ഒരു ചെറിയ പ്രൊജക്ട് ചെയ്യുന്നു എന്നാണ് കരുതിയത്.

പക്ഷെ പിന്നീട് ആ സിനിമ വലുതായി വന്നു. ലാല്‍ സാറും ശ്രീനിവാസന്‍ സാറും ജോയിന്‍ ചെയ്തു. പതിയെ അത് വലിയ പ്രൊജക്ടായി. അതോടെ എനിക്ക് കുറച്ച് പേടിയായി. അത് ലാല്‍ സാറും ശ്വേത മേനോനും ചേര്‍ന്ന് ചെയ്ത സോള്‍ട്ട് & പെപ്പര്‍ വളരെ വലിയ വിജയമായി നില്‍ക്കുന്ന സമയമായിരുന്നു. അവര് രണ്ടുപേരും വരുന്നതാകും നല്ലതെന്ന് ഞാന്‍ ജോയ് മാത്യുവിന്റെ അടുത്ത് ചെന്ന് സംസാരിച്ചു.

ഞാന്‍ ചെയ്യുന്നതിനേക്കാള്‍ അറിയപ്പെടുന്ന ആരെങ്കിലും ചെയ്യുന്നതല്ലേ നല്ലതെന്ന് ചോദിച്ചു. പക്ഷെ ജോയ്ക്ക് അത്ര അറിയപ്പെടാത്ത ഒരാളായിരുന്നു ആ കഥാപാത്രത്തിലേക്ക് വേണ്ടത്. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്,’ സജിത മഠത്തില്‍ പറഞ്ഞു.


Content Highlight: Sajitha Madathil Talks About Shatter Movie

We use cookies to give you the best possible experience. Learn more