| Thursday, 17th March 2022, 8:34 pm

ഇത് ഒരു ചരിത്ര വിജയം തന്നെയാണ്; ഐ.സി.സി ഉണ്ടാകുന്നതോടു കൂടി വലിയ മാറ്റങ്ങള്‍ ഉണ്ടാകും: സജിത മഠത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയാള സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ചരിത്രപരമായ മാറ്റം കൊണ്ടുവരുമെന്ന് നടി സജിത മഠത്തില്‍.

ഐ.സി.സികള്‍ വരുന്നതില്‍ നിര്‍മാതാക്കള്‍ക്കും സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആശങ്കയല്ല പിന്തുണയാണ് വേണ്ടതെന്ന് സജിത മഠത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് സജിത തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഐ.സി.സി വേണം എന്നുള്ള തീരുമാനത്തെ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നാണ് ചിന്തിക്കേണ്ടത്. ഒന്നും ആലോചിക്കാതെയല്ല ഇങ്ങനെയൊരു വിധി നേടിയെടുത്തത്. നാളുകള്‍ക്ക് മുമ്പ് തന്നെ ഏതെല്ലാം രീതിയില്‍ ഇത് സാധ്യമാക്കാം എന്ന ആലോചനങ്ങളുണ്ടായിരുന്നു. ആ ശ്രമങ്ങളിലൂടെയാണ് ഈ ഹരജി സമര്‍പ്പിക്കപ്പെട്ടതെന്ന് ഡബ്‌ള്യൂ.സി.സി ഭാരവാഹി കൂടിയായ സജിത പറഞ്ഞു.

‘ഇത് ഒരു ചരിത്ര വിജയം തന്നെയാണ്. ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ നിന്ന് ഐ.സി.സി ഉണ്ടാകുന്നതോടു കൂടി വലിയ മാറ്റങ്ങള്‍ ഉണ്ടാകും,’
സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.

സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഡബ്ല്യു.സി.സി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സിനിമ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാരസംവിധാനം വേണമെന്ന് കോടതി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടിയുറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 2018 ല്‍ നടി ആക്രമിക്കപ്പെട്ട ശേഷമാണ് ഡബ്ല്യു.സി.സി ഇത്തരത്തില്‍ ഒരു ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ആഭ്യന്തരപരിഹാര സെല്‍ ഇല്ലെന്നും മറ്റ് സംഘടനകളിലെന്ന പോലെ സിനിമ സെറ്റിലും ഇത്തരമൊരു സംവിധാനം വേണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

സമാനനിലപാടായിരുന്നു വനിതാ കമ്മീഷനും അറിയിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഹരജി അംഗീകരിച്ചുകൊണ്ടാണ് സിനിമ സെറ്റുകള്‍ ആഭ്യന്തരപരിഹാര സെല്‍ രൂപീകരിക്കണമെന്ന് വ്യക്തമാക്കിയത്. 10 ല്‍ കൂടുതല്‍ ആളുകളുള്ള എല്ലാ സിനിമാ ലൊക്കേഷനുകളിലും ഇത്തരം സെല്ലുകള്‍ രൂപീകരിക്കാനാണ് നിര്‍ദേശം. സിനിമാ സംഘടനകളിലും ആഭ്യന്തരപരിഹാര സെല്‍ വേണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.


Content Highlights: Sajitha Madathil says with the formation of the ICC there will be big changes in Malayalam cinema industry

We use cookies to give you the best possible experience. Learn more