| Wednesday, 9th November 2022, 8:54 pm

'സ്ത്രീകളോട് താന്‍ പോരിമ', കെ.എസ്.എഫ്.ഡി.സി സംവിധായികയുടെ ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കുന്നുവെന്ന് സജിത മഠത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റെ കോര്‍പ്പറേഷനെതിരെ സിനിമ പ്രവര്‍ത്തക സജിത മഠത്തില്‍. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാന്‍ തുക ബഡ്ജറ്റില്‍ വകമാറ്റിയതിനെ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നതെന്നും എന്നാല്‍ കെ.എസ്.എഫ്.ഡി.സി പ്രൊജക്ട് കൈകാര്യം ചെയ്യുന്നതില്‍ പരാതികളുണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സജിത കുറിച്ചു.

സര്‍ക്കാര്‍ സ്ഥാപനം നല്ല പദ്ധതികളെ നശിപ്പിക്കുന്നതിനുള്ള ഉദാഹരണമാണ് കെ.എസ്.എഫ്.ഡി.സി യുടെ പ്രവര്‍ത്തികളെന്നും സജിത പറഞ്ഞു. പ്രൊഡക്ഷനിലുടനീളവും തുടര്‍ന്നും സ്ത്രീകളോട് താന്‍ പോരിമയോടെ ഉള്ള പ്രവര്‍ത്തികളാണ് സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇതിനേക്കുറിച്ച് നിരവധി ആളുകള്‍ക്ക് പരാതിയുണ്ടെന്നും സജിത മഠത്തില്‍ ആരോപിച്ചു.

ഡിവോര്‍സ് എന്ന മിനി.ഐ.ജിയുടെ ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കുന്നതിനെ തുടര്‍ന്നാണ് പ്രശ്‌നം സാംസ്‌കാരിക വകുപ്പിനെ അടിയന്തരമായി അറിയിക്കാന്‍ താന്‍ മുന്‍കൈ എടുക്കുന്നതെന്നും സജിത പറഞ്ഞു.

ഡിവോര്‍സ് എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതിന്റെ കാരണം മിനിയെ അറിയിക്കാനുള്ള ബാധ്യത കെ.എസ്.എഫ്.ഡി.സി ഉദ്യാഗസ്ഥര്‍ക്കുണ്ടെന്നും പ്രൊജക്ട് എങ്ങിനെ നടപ്പിലാക്കപ്പെടുന്നു എന്നത് ചിത്രത്തിന്റെ ഭാഗമായ സ്ത്രീകളോട് ചോദിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ സാംസ്‌കാരിക വകുപ്പ് തയ്യാറാകണമെന്നും സജിത കൂട്ടിച്ചര്‍ത്തു.

അതേസമയം ആറു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് മിനി.ഐജി സംവിധാനം ചെയ്യുന്ന ഡിവോര്‍സ്. കേരളസംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ നിര്‍മാണ സംരംഭമാണ് ചിത്രം. പ്രാരംഭഘട്ടത്തില്‍ തന്നെ സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു.

വനിതാ ചലച്ചിത്ര സംവിധായകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ആദ്യ സിനിമ കൂടിയായിരുന്നു ഡിവോഴ്‌സ്.

അഖില, കെ.പി.എസി ലീല, ഷിബില സാറ, പ്രിയംവദ കൃഷ്ണന്‍, സന്തോഷ് കീഴാറ്റൂര്‍, ചന്ദുനാഥ്, പി ശ്രീകുമാര്‍, അശ്വതി കിഷോര്‍, അമലേന്ദു, സുരേഷ് കുമാര്‍, മണിക്കുട്ടന്‍,ജോളി ചിറയത്ത്, ഇഷിത, അരുണാംശു എന്നിവരും ഇവരെ കൂടാതെ പത്തിലേറെ നാടക കലാകാരന്മാരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ അറുപതോളം കഥാപാത്രങ്ങളാണ് ഉള്ളത്.

content highlight: Sajitha Madathil says that KSFDC is delaying the release of the female director’s film

We use cookies to give you the best possible experience. Learn more