| Saturday, 9th September 2017, 2:24 pm

പ്രകാശ് രാജിനെപ്പോലുള്ളവരുടെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല: മലയാള താരങ്ങളോട് സജിതാ മഠത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ശക്തമായി പിന്തുണച്ച മലയാള സിനിമാ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സജിതാ മഠത്തില്‍. അവള്‍ പീഡിപ്പിക്കപ്പെട്ട എന്ന സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് ആണ്‍ സിനിമാ ലോകം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സജിതാ മഠത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ പ്രകാശ് രാജിനെപ്പോലുള്ള നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ലെന്നു പറഞ്ഞ അവര്‍ കേസ് തെളിയിക്കാനും സത്യം പുറത്തുവരാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവള്‍ക്കൊപ്പം നില്‍ക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെക്കുന്നു.


Must Read: പേടിച്ചു പിന്മാറേണ്ട കാര്യമില്ലെന്ന് ഭാവന


“ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവള്‍ക്കൊപ്പം നിന്നേ പറ്റൂ. കാരണം പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമാണ് എന്നതുകൊണ്ട് ! ഒരു പെണ്ണിനും താങ്ങാനാത്ത സത്യം.” സജിതാ മഠത്തില്‍ കുറിക്കുന്നു.

സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചിലത് പറയാതിരിക്കാനാവില്ല.
ഞാന്‍ അവള്‍ക്ക് ഒപ്പമാണ് എന്നതിന്റെ അര്‍ത്ഥം ഞാന്‍ ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നതല്ല. അത് പോലീസും കോടതിയുമാണ് തീരുമാനിക്കേണ്ടത്. ചിലര്‍ കുറ്റ ആരോപിതരായി നമ്മുടെ മുമ്പിലുണ്ട്. കോടതിയും, പോലീസും, പണത്തിന്റയും പ്രശസ്തിയുടെയും സ്വാധീനത്തില്‍ പെടാതെ കാക്കാന്‍ നമുക്ക് ഒരു ഗവണ്‍മെന്റും അവള്‍ക്ക് ഒപ്പം നില്‍ക്കുന്നവരും ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.

സിനിമയുടെ ഭൂരിപക്ഷ ആണ്‍ലോകം കരുതുന്നതു പോലെ കുറ്റ ആരോപിതര്‍ നിഷ്‌കളങ്കരായിരിക്കാം, അല്ലെങ്കില്‍ ഔദാര്യം പറ്റിയതു കൊണ്ടും ബിസിനസ്സ് ബന്ധങ്ങള്‍ ഉള്ളതുകൊണ്ടും സൗഹൃദം ഉള്ളതുകൊണ്ടും അങ്ങിനെയാവണമെന്നു നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം. അതാണു സത്യമെന്ന് വിശ്വസിക്കാം.

എനിക്ക് കണ്‍മുമ്പില്‍ സത്യമായി ഉള്ളത് ഒന്നു മാത്രം, അത് അവള്‍ പീഡിപ്പിക്കപ്പെട്ടു എന്നതു മാത്രമാണ്. ആ സത്യത്തെ കാണാതെ മറ്റൊന്നിനു പുറകെയും പോകാന്‍ ആവില്ല. അസുഖകരമായ ഓര്‍മ്മകളെ നെഞ്ചില്‍ നിന്നു തള്ളിമാറ്റി പതുക്കെ മുന്നോട്ടു നീങ്ങാന്‍ അവള്‍ നടത്തുന്ന കൈകാലിട്ടടിക്കല്‍ കാണാന്‍ നിങ്ങള്‍ക്ക് ഒരു നന്മയുള്ള ഹൃദയമുണ്ടായാല്‍ മാത്രം മതി. എളുപ്പമല്ല ഒരു സ്ത്രീക്ക് ഈ ധൈര്യം കാണിക്കാന്‍ എന്നു മനസ്സിലാക്കാന്‍ തങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ചോദിച്ചാല്‍ മാത്രം മതി.

അവളാണ് നമ്മുടെ മുമ്പിലുള്ള സത്യം, ആ സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആണ്‍ സിനിമാ ലോകം ചെയ്യുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവള്‍ക്കൊപ്പം നിന്നേ പറ്റൂ. കാരണം പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമാണ് എന്നതുകൊണ്ട് ! ഒരു പെണ്ണിനും താങ്ങാനാത്ത സത്യം.

Latest Stories

We use cookies to give you the best possible experience. Learn more