| Sunday, 3rd November 2019, 12:57 am

'അലന്‍ വാവേ, വല്യമ്മയ്ക്കും അമ്മയ്ക്കും ഉറക്കം വരുന്നില്ല, പെട്ടെന്നു തിരിച്ചുവായോ'; യു.എ.പി.എ ചുമത്തപ്പെട്ട സഹോദരിയുടെ മകനെക്കുറിച്ച് സജിത മഠത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റുമായി നടി സജിത മഠത്തില്‍. യു.എ.പി.എ ചുമത്തപ്പെട്ട അലന്‍ ഷുഹൈബിന്റെ വല്യമ്മ കൂടിയാണ് സജിത.

‘അലന്‍ വാവേ, വല്യമ്മയ്ക്കും അമ്മയ്ക്കും ഉറക്കം വരുന്നില്ല’ എന്നു തുടങ്ങുന്ന പോസ്റ്റില്‍ പുസ്തകം നിനക്കെത്തിക്കാന്‍ തന്നെ ഭയം തോന്നുന്നുവെന്നു സജിത പറയുന്നു. കുട്ടിക്കാലത്ത് സി.പി.ഐ.എം വോളന്റിയറിന്റെ വേഷമണിഞ്ഞു നില്‍ക്കുന്ന അലന്റെ ചിത്രവും ഇതോടൊപ്പം സജിത പങ്കുവെച്ചിട്ടുണ്ട്.

മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെത്തിയതിനാണ് അലനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറസ്റ്റിലായ ഇരുവരും സി.പി.ഐ.എം അംഗങ്ങളാണ്. ഇരുവരെയും നാളെ വിയ്യൂര്‍ ജയിലിലേക്കു കൊണ്ടുപോകും. അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് അലന്‍ നേരത്തേ ആരോപിച്ചിരുന്നു.

കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു.

സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അലന്‍ വാവേ, വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഉതുക്കാന്‍ തക്കവണ്ണം പണിയിച്ച കട്ടിലില്‍ ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്. നിലത്ത് കിടന്നാല്‍ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?

നാളെ നിന്നെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങള്‍ എടുത്തു വെക്കുമ്പോള്‍ നിന്റെ ചുവന്ന മുണ്ടുകള്‍ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകള്‍ മതിയല്ലെ?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗില്‍ വെക്കേണ്ടത്? അല്ലെങ്കില്‍ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാന്‍ തന്നെ ഭയം തോന്നുന്നു.

നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ… നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാള്‍? പെട്ടെന്ന് തിരിച്ച് വായോ! നിന്റെ കരുതലില്ലാതെ അനാഥമായ ഞങ്ങള്‍!

We use cookies to give you the best possible experience. Learn more