Entertainment
തല മറച്ചേ പുറത്തിറങ്ങൂ, പക്ഷേ ജോലി അഭിനയമാണല്ലോ അവിടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് സ്ഥാനമില്ല: സജിതാ ബേട്ടി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 11, 08:05 am
Thursday, 11th February 2021, 1:35 pm

മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും അഭിനയിച്ച് ആരാധകരെ ഉണ്ടാക്കിയ നടിയാണ് സജിതാ ബേട്ടി. വിവാഹത്തിനും മകളുണ്ടായതിനും ശേഷം സജിതാ ബേട്ടി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

താന്‍ പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ആളാണെന്നും നിസ്‌കാരം കൃത്യമായി ചെയ്യാറുണ്ടെന്നും പറയുകയാണ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സജിതാ ബേട്ടി. എന്നാല്‍ സിനിമ മറ്റൊരു ലോകമാണെന്നും അവിടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സജിത പറയുന്നു.

‘ഞാന്‍ പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പര്‍ദ്ദയിടും. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ സിനിമയില്‍ അതൊന്നുമില്ല. മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യകതിപരമായ കാര്യങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ അഭിനയം തീര്‍ന്ന് മടങ്ങി വന്നാല്‍ ഞാന്‍ പപ്പയുടെയും മമ്മിയുടേയും മോളാണ്. ഇപ്പോള്‍ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം’, സജിത പറഞ്ഞു.

സജിതാ ബേട്ടിയുടെ ഭര്‍ത്താവായ ഷമാസ് ടൂ കണ്‍ട്രീസില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഒരേ സമയം വില്ലത്തിയായും പാവം കുട്ടിയായും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇനിയും വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാല്‍ തിരിച്ചുവരുമെന്നും സജിതാ ബേട്ടി പറഞ്ഞു.

എങ്കിലും മടങ്ങി വരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂടെയായാല്‍ സന്തോഷമെന്നും ഇപ്പോഴും ധാരാളം ഓഫറുകള്‍ വരുന്നുണ്ടെന്നും സജിത പറയുന്നു.

അഭിനയം ഒരിക്കലും നിര്‍ത്തില്ല. മോള്‍ക്ക് വേണ്ടിയാണ് മാറി നിന്നത്. മോളുടെ വളര്‍ച്ച അടുത്തു നിന്നു കാണണം. സജിതാ ബേട്ടി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sajitha Betti  shares experience about films