മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഈയിടെ ഇറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മാണത്തിലേക്കും സൈജു കാലെടുത്തുവെച്ചിരുന്നു. എന്നാൽ ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു.
സൈജു കുറുപ്പ് തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ സാജിദ് യഹ്‌യ. ഭരതനാട്യം ഒരു മികച്ച സിനിമയായിരുന്നുവെന്നും ആ സിനിമ പരാജയപ്പെട്ടപ്പോൾ ഈ പണി നിർത്താൻ പോവുകയാണെന്ന് സൈജു കുറുപ്പ് തന്നോട് പറഞ്ഞിരുന്നുവെന്നും സാജിദ് യഹ്‌യ പറഞ്ഞു. ഒ.ടി.ടി റിലീസിന് ശേഷം തന്റെ ഖൽബ് എന്ന ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിയേറ്ററിൽ പരാജയം ഏറ്റുവാങ്ങിയ സിനിമയായിരുന്നു ഖൽബ്.
‘ഒരു സിനിമ ഫ്‌ളോപ്പായിക്കഴിഞ്ഞാല്‍ ഒരു സംവിധായകന്റെ അവസ്ഥ ഏറ്റവും മോശപ്പെട്ടതായിരിക്കും. ആര്‍ടിസ്റ്റുകള്‍ വിളിച്ചാല്‍ ഫോണെടുക്കില്ല. പ്രൊഡക്ഷന്‍ കമ്പനികള്‍ മൈന്‍ഡ് പോലും ചെയ്യില്ല. കൊടുക്കാനുള്ള കാശ് കൊടുക്കില്ല. ജീവിതകാലം മുഴുവന്‍ ആ വിഴുപ്പുംകൊണ്ട് ജിവിക്കേണ്ടി വരും. എല്ലാവരുടെയും പരിഹാസ പാത്രമായി.
കുറച്ചു ദിവസം മുമ്പ് ഇതുപോലെ തന്നെ സൈജു ചേട്ടന്റെ (സൈജു കുറുപ്പ്) ഒരു സിനിമ ഭരതനാട്യം, എന്ത് ബ്യട്ടിഫുള്ളായിട്ടുള്ള ഫാമിലി സബ്ജക്ടായിരുന്നു. സൈജുച്ചേട്ടന്‍ പറഞ്ഞത്, ഞാനീ പരിപാടി നിര്‍ത്തിയാലോ എന്ന് ആലോചിക്കുകയാണ് സാജിദേ എന്നാണ്. അദ്ദേഹം തന്നെ നിര്‍മിച്ച സിനിമയായിരുന്നു അത്. അതിന്റെ സംവിധായകന്റെ അവസ്ഥ ആലോചിച്ചുനോക്കൂ. ഇവരൊക്കെ അനുഭവിക്കുന്ന മെന്റല്‍ ട്രോമ ഭയങ്കരമാണ്.
കേവലം യുട്യൂബ് വ്യൂസിന് വേണ്ടി, അല്ലെങ്കില്‍ അവരെ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്ക് വേണ്ടി ഒരു വീഡിയോ ഇടുന്നതിലൂടെ അവരുണ്ടാക്കുന്ന ഡാമേജ് ഒരുപാട് കുടുംബങ്ങളെ ബാധിക്കും. ഒരു സിനിമ ഹിറ്റായാല്‍ ഒരു ടീം അവിടെ ഫോമാവുകയാണ്. ഒരു ക്യാമറാ ടീം, ഒരു എഡിറ്റര്‍, ഒരു സംവിധായകന്‍, ഒരുപാട് പുതിയ ആര്‍ടിസ്റ്റുകള്‍. അങ്ങനെയാണ് സിനിമ വളര്‍ന്നിരിക്കുന്നത്.
ഇവിടെ വലിയ വലിയ ആര്‍ടിസ്റ്റുകള്‍ മാത്രമല്ലല്ലോ, രഞ്ജിത്തിനെയും നേഹയെയും(ഖല്‍ബിലെ അഭിനേതാക്കള്‍) പോലുള്ള ആളുകളെ വെച്ച് നാളെ ഒരാള്‍ സിനിമ ചെയ്യുന്നിടത്താണ് ഞാനെന്ന ഫിലിംമേക്കറുടെ വിജയമെന്ന് വിശ്വസിക്കുന്നു. ഒരാളെ കൂടെ കഥപറയാന്‍ ഇട്ടുകൊടുക്കുകയാണ്.
എന്റെ ഓഫീസില്‍ ദിവസവും 10-15 ആളുകള്‍ വ്യത്യസ്ത കഥകള്‍ പറയാന്‍ വരുന്നുണ്ട്. ഇത് പറയാന്‍ ആര്‍ടിസ്റ്റ് വേണ്ടേ ഇവിടെ. അതുകൊണ്ട് ഇതുപോലുള്ള അറ്റംപ്റ്റുകളെയും ആര്‍ടിസ്റ്റുകളെയും സപ്പോര്‍ട്ട് ചെയ്യുക. അപ്പോഴേ ഈ ഇന്‍ഡസ്ട്രി വളരുകയുള്ളൂ. അങ്ങനെയാണ് വളര്‍ന്നിട്ടുള്ളത്. അല്ലാതെ മാസ് പടങ്ങള്‍കൊണ്ടും വലിയ ബഡ്ജറ്റ് പടങ്ങള്‍കൊണ്ടും മാത്രമല്ല. കണ്ടന്റാണ് സംസാരിക്കുന്നത്.
ഖല്‍ബിന് ശേഷം ഞാന്‍ വിളിക്കുന്ന ഒരു ആര്‍ടിസ്റ്റ് പോലും എന്റെ ഫോണെടുത്തിട്ടില്ല. അവരെ സംബന്ധിച്ച് ഒരു ഫ്‌ളോപ്പ് പടത്തിന്റെ സംവിധായകന്‍ മാത്രമാണ് ഞാന്‍. ഇവിടുത്തെ വലിയൊരു പ്രൊഡ്യൂസര്‍ എന്നെ വിളിച്ച് പറഞ്ഞത് നിനക്കീ പരിപാടി നിര്‍ത്തിക്കൂടെ എന്നാണ്.
ആകപ്പാടെ അഞ്ചോ ആറോ പേരാണ് പടം കാണാനുണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പുതിയ ആളുകളുടെ സിനിമയല്ലേ എന്ന് ഞാനും പറഞ്ഞു. അപ്പോള്‍ വേറെ പടങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. അതിത്രയും വലിയ ആര്‍ടിസ്റ്റുകളൊക്കെയല്ലേ എന്നും ഞാന്‍ ചോദിച്ചു. അപ്പോഴാണ് അദ്ദേഹം നീ ഈ പരിപാടി നിര്‍ത്തിക്കോ, അതാണ് നല്ലത് എന്ന് പറഞ്ഞത്.
ആ ആള് തന്നെ സിനിമ ഒ.ടി.ടിയില്‍ ഇറങ്ങിയപ്പോള്‍ മെസേജ് ചെയ്തു. ഹാര്‍ഡ് വര്‍ക്ക് എന്നെഴുതി ഏതോ ഒരാള്‍ എഴുതിയ റിവ്യൂവിന്റെ സ്‌ക്രീന്‍ ഷോട്ടും അയച്ചു. ഞാന്‍ വിചാരിക്കുന്നു അതാണ് ഏറ്റവും വലിയ സക്‌സസ്,’ സാജിദ് യഹ്‌യ പറഞ്ഞു.
Content Highlight: Sajith Yahya About Saijukurupp And Bharathanatyam Movie