സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗമാണ് പാലക്കാട് കൊങ്ങപ്പാടത്തെ ദളിത് കോളനി. ഇവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ട് വന്ന വ്യക്തിയാണ് കോഴിക്കാേട് സ്വദേശിയായ സജിത്ത് കുമാര്‍.
എന്‍.എസ്.എസ് എന്‍ജീനിയറിംഗ് കോളേജിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് കൊങ്ങപ്പാടത്തെ മുപ്പതോളം കുടുബങ്ങള്‍ ഉള്ള ദളിത് കോളനി. കോളനിയിലെ ആരും തന്നെ പത്താം ക്ലാസ്സിനപ്പുറം പഠനം തുടരാറില്ല. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കുട്ടി മാത്രമാണ് ബിരുദപഠനത്തിനായി മുന്നോട്ട് പോയത്.
കൊങ്ങപ്പാടം കോളനിവാസികള്‍ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാണ്. പത്താം ക്ലാസ്സ് വരെ മാത്രമാണ് ഇവിടുള്ള കുട്ടികളുടെ പരമാവധി വിദ്യാഭ്യാസം. അതിന് ശേഷം ഒന്നുകില്‍ കൂലിപ്പണിയിലേക്ക് തിരിയും അല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിയിലേക്ക് തിരിയും.
അംഗനവാടിയിലായിരുന്നു കുറച്ച് ദിവസങ്ങളായി ക്ലാസ്സ് നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോള്‍ ക്ലാസ്സ് നടക്കുന്നില്ല. കുട്ടികളുടെ അമ്മമാരോട് ഇത് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്ന സ്ഥലമാണെന്ന വ്യാജ പ്രചരണം നടത്തി കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് എന്നാണ് സജിത്ത് ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.
സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നാണ് മിക്ക കുട്ടികളും. പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തവരാണ് ഇവരുടെ മാതാപിതാക്കള്‍. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇവിടെ നിന്ന് പത്താം ക്ലാസ്സ് പാസായ കുട്ടികളുടെ എണ്ണം പത്തില്‍ താഴെ മാത്രമാണ്.
ALSO READ: കസ്റ്റഡി മരണങ്ങളെ എതിര്‍ത്താല്‍ മാവോയിസ്റ്റാക്കുന്ന പൊലീസ്
ഈ വര്‍ഷത്തിനിടയില്‍ കൊങ്ങപ്പാടം ആദിവാസി കോളനിയിലെ ഒരാള്‍ പോലും ഒരു ഹെല്‍പ്പര്‍ ജോലിയ്ക്ക് പോലും അര്‍ഹരായിട്ടില്ല. ഇത്തരത്തില്‍ പിന്നോക്കാവസ്ഥ നേരിടുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി താന്‍ മുന്നോട്ട് വന്നത് എന്നും സജിത്ത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
കോളനികളിലെ ഈ സാഹചര്യമാണ് സജിത്തിനെ വിദ്യാഭ്യാസ പ്രവര്‍ത്തകനായി മാറ്റിയത്. എന്‍ജീനിയറിംഗ് വിദ്യാഭ്യാസത്തിന് ശേഷം വിദേശത്ത് പോയ സജിത്ത് നാട്ടിലെത്തിയ ശേഷമാണ് കൊങ്ങപ്പാടത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ തുടങ്ങിയത്.
നാട്ടിലെത്തിയ ശേഷം മുതിര്‍ന്ന അധ്യാപകന്‍ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശത്തോടെ 2013 ജൂണില്‍ കൊങ്ങപ്പാടം കോളനിയില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങള്‍ക്കായിരുന്നു ക്ലാസ്സുകള്‍ എടുത്തിരുന്നത്.
ആദ്യ സംരംഭത്തില്‍ തന്നെ ആ വര്‍ഷം എസ്.എസ്.എല്‍.സി എഴുതിയ അഞ്ച് കുട്ടികളും ഉയര്‍ന്ന മാര്‍ക്കോടെ പാസായി. പുറത്തു നിന്നും അധ്യാപകരെ എത്തിച്ച് ക്ലാസ്സുകള്‍ എടുക്കാനും തുടങ്ങി.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ രീതിയില്‍ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 17 കുട്ടികളും നല്ല മാര്‍ക്കോടെയാണ് പാസായത്. ഇവര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുളള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. കൊങ്ങപ്പാടത്ത് നിന്ന് ഇത്തരത്തില്‍ സജിത്തിന്റെ വിദ്യാഭ്യാസം ലഭിച്ച കുട്ടികളില്‍ രണ്ട് പേര്‍ ഇപ്പോള്‍ ബിരുദ പഠനത്തിന് ചേര്‍ന്നിരിക്കുകയാണ്.
ലോക കേരള സഭയില്‍ അംഗമായ സജിത്ത് പ്ലാനിങ് ബോര്‍ഡില്‍ ഈ വിദ്യാഭ്യാസ രീതിയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ലോക കേരള സഭയില്‍ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തു. 2016-ലാണ് ലോക കേരള സഭയില്‍ സജിത്ത് തന്റെ വിദ്യാഭ്യാസ രീതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
2017-ല്‍ ഇത്തരം പദ്ധതികള്‍ നോക്കാം എന്ന് പറയുകയും ചെയ്തു. ലോക കേരള സഭയില്‍ അംഗങ്ങളായ എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, തൃക്കരിപ്പൂര്‍ എം.എല്‍.എ രാജഗോപാല്‍ എന്നിവര്‍ സജിത്ത് കുമാറിനെ കുമാറുമായി ബന്ധപ്പെടുകയും നമുക്ക് ഇത് ചെയ്യാം എന്ന് പറയുകയും ചെയ്തു.
ഇതിന്റെ ഭാഗമായി തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. തൃശ്ശൂരില്‍ ഇത്തരത്തില്‍ ദളിത് കുട്ടികളുടെ വിദ്യാഭ്യാസം നല്‍കുന്നതിനായി ഒരു സംരംഭം അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ വിദ്യാഭ്യാസം സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന കൊങ്ങപ്പാടത്തെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനെതിരെ നിരവധി എതിര്‍പ്പുകള്‍ കടന്നുവരുന്നുണ്ടെന്നാണ് സജിത്ത് പറയുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്ന അംഗനവാടി ഇപ്പോള്‍ ക്ലാസ്സുകള്‍ എടുക്കാന്‍ വിട്ട് തരാതിരിക്കുന്നത്.
ക്ലാസ്സുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ മറ്റൊരു വീട് വാടകയ്ക്ക് എടുത്ത് ക്ലാസ്സുകള്‍ തുടരാമെന്ന് കരുതിയിരുന്നു. കൊങ്ങപ്പാടത്ത് തന്നെയുള്ള ആള്‍ തന്നെ വീട് നല്‍കാമെന്ന് പറഞ്ഞ് മുന്നോട്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് വീട് വിട്ട് തരാന്‍ സാധിക്കില്ലെന്നും പറഞ്ഞു.
ഇത്തരത്തില്‍ തന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നത് കൊങ്ങപ്പാടത്തെ തന്നെ മുന്‍ പഞ്ചായത്ത് മെമ്പര്‍ കൂടിയാണ്. ഇപ്പോഴുള്ള മുപ്പതിലധികം കുട്ടികളുടെ വിദ്യാഭ്യാസം തകര്‍ക്കാന്‍ പ്രസ്തുത കക്ഷിയുടെ നേതൃത്വത്തില്‍ നടക്കുന്ന കിംവദന്തികള്‍ ബാധിക്കുന്നത് മുപ്പതോളം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ഭാവിയേയും ആണെന്ന് സജിത്ത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
കൊങ്ങപ്പാടത്തെ ദളിത് കോളനിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി ഏറ്റെടുത്ത ദൗത്യത്തില്‍ നിന്ന് പിന്‍മാറില്ലെന്നു തന്നെയാണ് സജിത്ത് പറയുന്നത്. പ്രദേശത്ത് ഉടന്‍ തന്നെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി പുതിയ കെട്ടിടം കണ്ടെത്തുമെന്നും വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും സജിത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.