ഇത്രയും കാലം ഞങ്ങള്‍ക്ക് അറിയുന്ന അലന്‍ വേറൊരു തരം കുട്ടിയാണെന്ന് പൊലീസ് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്: സജിത മഠത്തില്‍
Kerala News
ഇത്രയും കാലം ഞങ്ങള്‍ക്ക് അറിയുന്ന അലന്‍ വേറൊരു തരം കുട്ടിയാണെന്ന് പൊലീസ് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്: സജിത മഠത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 3:19 pm

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല നോട്ടീസ് പിടിച്ചെടുത്തുവെന്ന് പറഞ്ഞാണ് നിയമവിദ്യാര്‍ത്ഥിയും സി.പി.ഐ.എം പ്രവര്‍ത്തകനുമായ അലന്‍ ഷുഹൈബിനെ പന്തീരാങ്കാവ് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്.

അലന്‍ എന്താണെന്നും വളര്‍ന്ന സാഹചര്യമെന്താണെന്നും മാതൃസഹോദരി സജിത മഠത്തില്‍ ഡൂള്‍ന്യൂസിനോട് പറയുന്നു.

സജിത മഠത്തില്‍

ഇരുപത് വയസ്സാണ് അവനുള്ളത്. ഈ ഇരുപത് വയസ്സുള്ള കുട്ടിയെ ആണ് അവര്‍ തീവ്രവാദി ബന്ധം പറഞ്ഞ് യു.എ.പി.എ ആരോപിച്ച് ജയിലിലടച്ചത്. ഈ ഇരുപത് വയസ്സുള്ള കുട്ടിയെ ഇത്രയും കാലം ഞങ്ങള്‍ക്ക് അറിയുന്ന കുട്ടിയല്ല, അവന്‍ വേറൊരു തരം കുട്ടിയാണ് എന്ന് പൊലീസ് നമ്മളുടെ അടുത്ത് ഇങ്ങോട്ട് പറയുകയാണ് ചെയ്യുന്നത്. അത് വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ട്.

അത് അമ്മമാര്‍ എന്ന നിലയ്ക്ക് മാത്രമല്ല, അവനുമായി ഇടപഴകുന്ന ഒരാള്‍ക്കും അത് വിശ്വസിക്കാന്‍ കഴിയില്ല. ഈ പ്രായത്തിലല്ലേ നമുക്ക് കൗതുകങ്ങളുള്ളത്. ഈ പ്രായത്തിലല്ലേ നമുക്ക് പുതിയ പുതിയ ആശയങ്ങള്‍ എന്താണെന്ന് അന്വേഷിക്കാനുള്ള മനസ്സ് ഉള്ളത്. ഇരുപത്തിയഞ്ച് വയസൊക്കെ ആകുമ്പോഴേക്ക് നമ്മള്‍ വല്ലാതെ ഫ്രേമ്ഡ് ആയിപോവും. നമ്മുടെ ആശയങ്ങള്‍ ഉറച്ചു പോകും.

ഞാന്‍ പറയുന്നത് അവര്‍ അന്വേഷിക്കട്ടെ. പല പല അന്വേഷണങ്ങള്‍ നടത്തട്ടെ, വായനകള്‍ നടത്തട്ടെ, ചോദ്യങ്ങള്‍ ചോദിക്കട്ടെ, അത് ചെയ്യുന്നതില്‍ ഞാന്‍ അവനെക്കുറിച്ചാലോചിച്ച് അഭിമാനിച്ചിട്ടേ ഉള്ളു. അവനൊരു ഇടതുപക്ഷക്കാരനാവുമ്പോള്‍ തന്നെ അവന്‍ അതിന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള കാര്യങ്ങള്‍ കൂടി അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുള്ള കുട്ടിയാണ്.

അത് പാര്‍ട്ടിക്കാര്‍ക്കൊക്കെ അറിയാവുന്നതാണ്. അവരെല്ലാം അതൊക്കെ കൗതുകത്തോടുകൂടി നോക്കികണ്ടിട്ടേ ഉള്ളു. അതൊന്നും തെറ്റാണെന്ന് അവരും ഞങ്ങളും, ആരും കരുതിയിട്ടില്ല.

അവന്‍ പല വഴിക്ക് യാത്ര ചെയ്ത് അവന്റെ ഒരു ഇടത്തേക്ക് വരട്ടെ എന്നേ ഞങ്ങള്‍ വിചാരിച്ചിട്ടുള്ളു. അവനെന്തെങ്കിലും തെറ്റ്ചെയ്യുകയോ, ഒരു മനുഷ്യനെ ഉപദ്രവിക്കാനോ, ഒരു പെണ്‍കുട്ടിയോട് ഇന്‍സള്‍ട്ടട് ആയിട്ട് പെരുമാറാനോ അവന് പറ്റില്ല എന്നതും എനിക്ക് ഉറപ്പുണ്ട്. അതെന്റെ മകന്‍ ചെയ്യില്ല. അത്രയല്ലെ നമുക്ക് പറയാന്‍ പറ്റുള്ളു. അങ്ങനെയല്ലാത്തൊരു കുട്ടിയായി അവനെ വളര്‍ത്താന്‍ പറ്റി എന്നതില്‍ അവന്റെ അമ്മയ്ക്കും വല്യമ്മയായ എനിക്കും ഒക്കെ അഭിമാനിക്കാവുന്നതാണ്.

WATCH THIS VIDEO: