|

ആ നടനോടുള്ള ഇഷ്ടം കാരണം മീശ വെച്ച് നടന്നു; അന്നത് ട്രെന്‍ഡായിരുന്നു: സജിന്‍ ഗോപു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സജിന്‍ ഗോപു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ ആവേശത്തിലും 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചത്തിലും മികച്ച വേഷമായിരുന്നു സജിന്‍ ചെയ്തത്.

രോമാഞ്ചത്തില്‍ നിരൂപ് എന്ന കഥാപാത്രമായും ആവേശത്തില്‍ അമ്പാന്‍ എന്ന കഥാപാത്രമായിട്ടുമാണ് നടന്‍ എത്തിയത്. താന്‍ പണ്ട് സിങ്കം എന്ന സിനിമ കണ്ട് സൂര്യയുടേത് പോലെയുള്ള മീശ വെച്ച് നടന്നതിനെ കുറിച്ച് പറയുകയാണ് സജിന്‍ ഗോപു. റേഡിയോ മാങ്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യയെ കുറിച്ച് സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ സിങ്കത്തിലെ മീശ വെച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു. സിങ്കം സിനിമ പുറത്തിറങ്ങിയ സമയത്തായിരുന്നു അത്. മീശ വെച്ച് അങ്ങനെ നടന്നു (ചിരി). ആളുകള്‍ വന്ന് ചോദിക്കുമായിരുന്നു. ആ സമയത്ത് അത്തരത്തിലുള്ള മീശ വളരെ ട്രെന്‍ഡായിരുന്നു.

ഞാന്‍ കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അന്നൊക്കെ നമ്മുടെ മീശയും താടിയും ജോയിന്റ് ആകും. പിന്നെ ആ സമയത്ത് എനിക്ക് നല്ല കട്ടിയുള്ള മീശയും താടിയുമൊക്കെയായിരുന്നു. അതുകൊണ്ട് സിങ്കത്തിലെ മീശയും വെച്ച് കോളേജില്‍ പോയി,’ സജിന്‍ ഗോപു പറഞ്ഞു.

സജിന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്‍മാന്‍. ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് എത്തുന്നത്.

ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ പൊന്‍മാനില്‍ സജിന്‍ ഗോപുവിനെ കൂടാതെ ബേസില്‍ ജോസഫ്, ലിജിമോള്‍ ജോസ്, ആനന്ദ് മന്മദന്‍, ദീപക് പറമ്പോള്‍, രാജേഷ് ശര്‍മ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിക്കുന്നത്.

Content Highlight: Sajin Gopu Talks About Singam Movie

Latest Stories

Video Stories