ആവേശത്തിന്റെ റിലീസിന് ശേഷം ക്ഷീണിച്ചല്ലോയെന്ന് ചോദിക്കുന്നവരുണ്ട്; എന്നാല്‍ അവര്‍ക്കറിയാത്ത ഒരു കാര്യമുണ്ട്: സജിന്‍ ഗോപു
Entertainment
ആവേശത്തിന്റെ റിലീസിന് ശേഷം ക്ഷീണിച്ചല്ലോയെന്ന് ചോദിക്കുന്നവരുണ്ട്; എന്നാല്‍ അവര്‍ക്കറിയാത്ത ഒരു കാര്യമുണ്ട്: സജിന്‍ ഗോപു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd April 2024, 5:06 pm

വിഷുവിന് റിലീസായി എത്തി ആവേശകുതിപ്പ് നടത്തുന്ന ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഇത്. രംഗന്‍ എന്ന കഥാപാത്രമായി ഫഹദ് ഫാസില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആവേശം കണ്ട ഏതൊരാളുടെ മനസിലും നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രമാണ് രംഗന്റെ വലംകൈയായ അമ്പാന്‍. സജിന്‍ ഗോപു ആയിരുന്നു ഈ വേഷം അവതരിപ്പിച്ചത്. ആവേശത്തിനായി താന്‍ ഭാരം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സജിന്‍ ഗോപു.

‘ഞാന്‍ സിനിമക്ക് വേണ്ടി 95 കിലോ ആയി വെയിറ്റ് കൂട്ടിയിട്ടുണ്ട്. 82ഉം 83ഉം ഒക്കെയായിരുന്നു എന്റെ നോര്‍മല്‍ വെയിറ്റ്. അവിടുന്ന് 95 കിലോയിലേക്ക് വര്‍ധിപ്പിച്ചു. ഇപ്പോള്‍ വെയിറ്റ് തിരിച്ച് 85ലേക്ക് വന്നിട്ടുണ്ട്. ഞാന്‍ ആവേശം കഴിഞ്ഞിട്ട് വെയിറ്റ് കുറച്ചിരുന്നു.

അതിന് ശേഷമാണ് അടുത്ത സിനിമ വരുന്നത്. അതിലെ കഥാപാത്രത്തിന് കുറച്ച് സൈസ് വേണമെന്ന് പറഞ്ഞു. ഇത് നേരത്തെ അറിയുമായിരുന്നെങ്കില്‍ ഞാന്‍ വെയിറ്റ് കുറക്കില്ലായിരുന്നു. പിന്നെ ഞാന്‍ രണ്ടാമത് വെയിറ്റ് കൂട്ടി. ആ പടം കഴിഞ്ഞതോടെ വീണ്ടും വെയിറ്റ് കുറക്കാനുള്ള ശ്രമത്തിലാണ്.

ഇപ്പോള്‍ ആളുകള്‍ ആവേശത്തില്‍ നല്ല തടി ഉണ്ടായിരുന്നല്ലോ എന്ന് പറയുന്നുണ്ട്. സിനിമയുടെ റിലീസിന് ശേഷം ക്ഷീണിച്ചല്ലോയെന്ന് ചോദിക്കുന്നുണ്ട്. അപ്പോള്‍ ആ സിനിമക്ക് വേണ്ടി തടി വെച്ചതാണെന്ന് ഞാന്‍ പറയും. എല്ലാവരും കരുതുന്നത് അത് എന്റെ നോര്‍മല്‍ വെയിറ്റ് ആണെന്നാണ്,’ സജിന്‍ ഗോപു പറഞ്ഞു.

ആവേശത്തിലെ തന്റെ കഥാപാത്രത്തിന്റെ പേര് അമ്പാന്‍ എന്നാണെന്നും എന്നാല്‍ കുറേപേര്‍ക്ക് എന്തോ തെറ്റിദ്ധാരണ വന്നിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നു. അമ്പാടിയെന്നും അമ്പന്‍ എന്നും വിളിക്കുന്നവര്‍ ഉണ്ടെന്നും സജിന്‍ ഗോപു കൂട്ടിച്ചേര്‍ത്തു.

‘അമ്പാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. അങ്ങനെ വിളിക്കുന്ന ആളുകളുണ്ട്. എന്നാല്‍ കുറേപേര്‍ക്ക് എന്തോ തെറ്റിദ്ധാരണ വന്നിട്ടുണ്ടെന്ന് തോന്നുന്നു. അവര്‍ അമ്പാടി എന്നൊക്കെ വിളിക്കുന്നുണ്ട്. അമ്പാടി പിന്നെ അമ്പന്‍ എന്നൊക്കെ വിളിക്കുന്നുണ്ട്.

എന്നാല്‍ അമ്പാന്‍ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ജിത്തു എഴുതിയപ്പോള്‍ ഈ കഥാപാത്രത്തിന്റെ പേരുകള്‍ അമ്പാന്‍, രംഗ എന്നൊക്ക ആയിരുന്നു. എന്താണ് രംഗ എന്ന് ഞാന്‍ ചോദിച്ചില്ല. വ്യത്യസ്മായ ഒരു പേരായിട്ട് തോന്നി. അമ്പാന്‍ എന്ന പേര് കൊള്ളാം,’ സജിന്‍ ഗോപു പറഞ്ഞു.


Content Highlight: Sajin Gopu Talks About His Weight Lose For Aavesham