| Friday, 26th April 2024, 10:17 pm

ആവേശത്തിന് വേണ്ടി വെയിറ്റ് കൂട്ടി; സിനിമക്ക് ശേഷം വെയിറ്റ് കുറഞ്ഞപ്പോള്‍ എല്ലാവരും കരുതുന്നത് മറ്റൊന്നാണ്: സജിന്‍ ഗോപു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ആവേശം. വെറും 12 ദിവസം കൊണ്ട് മലയാളത്തിലെ ഈ വര്‍ഷത്തെ നാലാമത്തെ 100 കോടി ചിത്രമായി മാറിയ സിനിമ കൂടെയാണ് ഇത്.

ഫഹദ് ഫാസില്‍ രംഗന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. കട്ടിമീശയും കൂളിങ് ഗ്ലാസുമണിഞ്ഞ് കഴുത്തില്‍ ഗോള്‍ഡിന്റെ ചെയിനുമിട്ട് വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് ബെംഗളൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ ലുക്കിലാണ് ഫഹദുള്ളത്.

വിഷു റിലീസായി എത്തിയ ചിത്രം ഇപ്പോഴും തിയേറ്ററില്‍ ആവേശകുതിപ്പ് നടത്തുകയാണ്. ആവേശത്തില്‍ ഏറെ ശ്രദ്ധനേടിയ ഒരു കഥാപാത്രമാണ് രംഗന്റെ വലംകൈയായ അമ്പാന്‍. സജിന്‍ ഗോപു ആയിരുന്നു ഈ വേഷം അവതരിപ്പിച്ചത്.

രോമാഞ്ചത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സജിന്‍. താന്‍ ആവേശത്തിന് വേണ്ടി താന്‍ ഭാരം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സജിന്‍ ഗോപു.

‘ഞാന്‍ സിനിമക്ക് വേണ്ടി 95 കിലോ ആയി വെയിറ്റ് കൂട്ടിയിട്ടുണ്ട്. 82ഉം 83ഉം ഒക്കെയായിരുന്നു എന്റെ നോര്‍മല്‍ വെയിറ്റ്. അവിടുന്ന് 95 കിലോയിലേക്ക് വര്‍ധിപ്പിച്ചു. ഇപ്പോള്‍ വെയിറ്റ് തിരിച്ച് 85ലേക്ക് വന്നിട്ടുണ്ട്. ഞാന്‍ ആവേശം കഴിഞ്ഞിട്ട് വെയിറ്റ് കുറച്ചിരുന്നു.

അതിന് ശേഷമാണ് അടുത്ത സിനിമ വരുന്നത്. അതിലെ കഥാപാത്രത്തിന് കുറച്ച് സൈസ് വേണമെന്ന് പറഞ്ഞു. ഇത് നേരത്തെ അറിയുമായിരുന്നെങ്കില്‍ ഞാന്‍ വെയിറ്റ് കുറക്കില്ലായിരുന്നു. പിന്നെ ഞാന്‍ രണ്ടാമത് വെയിറ്റ് കൂട്ടി. ആ പടം കഴിഞ്ഞതോടെ വീണ്ടും വെയിറ്റ് കുറക്കാനുള്ള ശ്രമത്തിലാണ്.

ഇപ്പോള്‍ ആളുകള്‍ ആവേശത്തില്‍ നല്ല തടി ഉണ്ടായിരുന്നല്ലോ എന്ന് പറയുന്നുണ്ട്. സിനിമയുടെ റിലീസിന് ശേഷം ക്ഷീണിച്ചല്ലോയെന്ന് ചോദിക്കുന്നുണ്ട്. അപ്പോള്‍ ആ സിനിമക്ക് വേണ്ടി തടി വെച്ചതാണെന്ന് ഞാന്‍ പറയും. എല്ലാവരും കരുതുന്നത് അത് എന്റെ നോര്‍മല്‍ വെയിറ്റ് ആണെന്നാണ്,’ സജിന്‍ ഗോപു പറഞ്ഞു.


Content Highlight: Sajin Gopu Talks About His Weight Lose

We use cookies to give you the best possible experience. Learn more