| Tuesday, 23rd April 2024, 8:05 pm

ഞാന്‍ രംഗണ്ണന്റെ അമ്പാന്‍; കുറേപേര്‍ക്ക് എന്തോ തെറ്റിദ്ധാരണ വന്നിട്ടുണ്ട്: സജിന്‍ ഗോപു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഈ വര്‍ഷത്തെ നാലാമത്തെ 100 കോടി ചിത്രമാണ് ആവേശം. വിഷു റിലീസായി എത്തിയ ചിത്രം വെറും 12 ദിവസം കൊണ്ടായിരുന്നു ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കിയത്. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ആവേശം.

രംഗന്‍ എന്ന കഥാപാത്രമായി ഫഹദ് ഫാസില്‍ എത്തിയ ചിത്രത്തില്‍ ശ്രദ്ധനേടിയ ഒരു കഥാപാത്രമാണ് രംഗന്റെ വലംകൈയായ അമ്പാന്‍. സജിന്‍ ഗോപു ആയിരുന്നു ഈ വേഷം അവതരിപ്പിച്ചത്.

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് അമ്പാന്‍ എന്നാണെന്നും എന്നാല്‍ കുറേപേര്‍ക്ക് എന്തോ തെറ്റിദ്ധാരണ വന്നിട്ടുണ്ടെന്നും പറയുകയാണ് താരം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സജിന്‍ ഗോപു.

‘അമ്പാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. അങ്ങനെ വിളിക്കുന്ന ആളുകളുണ്ട്. എന്നാല്‍ കുറേപേര്‍ക്ക് എന്തോ തെറ്റിദ്ധാരണ വന്നിട്ടുണ്ടെന്ന് തോന്നുന്നു. അവര്‍ അമ്പാടി എന്നൊക്കെ വിളിക്കുന്നുണ്ട്. അമ്പാടി പിന്നെ അമ്പന്‍ എന്നൊക്കെ വിളിക്കുന്നുണ്ട്.

എന്നാല്‍ അമ്പാന്‍ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ജിത്തു എഴുതിയപ്പോള്‍ ഈ കഥാപാത്രത്തിന്റെ പേരുകള്‍ അമ്പാന്‍, രംഗ എന്നൊക്ക ആയിരുന്നു. എന്താണ് രംഗ എന്ന് ഞാന്‍ ചോദിച്ചില്ല. വ്യത്യസ്മായ ഒരു പേരായിട്ട് തോന്നി. അമ്പാന്‍ എന്ന പേര് കൊള്ളാം,’ സജിന്‍ ഗോപു പറഞ്ഞു.

ആവേശത്തിനായി താന്‍ ഭാരം വര്‍ധിപ്പിച്ചതിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ഇപ്പോള്‍ ഭാരം കുറച്ചപ്പോള്‍ ആളുകള്‍ ആവേശത്തില്‍ നല്ല തടി ഉണ്ടായിരുന്നല്ലോ എന്നും സിനിമയുടെ റിലീസിന് ശേഷം ക്ഷീണിച്ചല്ലോയെന്നും ചോദിക്കുന്നതിനെ കുറിച്ചും സജിന്‍ പറയുന്നു.

‘ഞാന്‍ സിനിമക്ക് വേണ്ടി 95 കിലോ ആയി വെയിറ്റ് കൂട്ടിയിട്ടുണ്ട്. 82ഉം 83ഉം ഒക്കെയായിരുന്നു എന്റെ നോര്‍മല്‍ വെയിറ്റ്. അവിടുന്ന് 95 കിലോയിലേക്ക് വര്‍ധിപ്പിച്ചു. ഇപ്പോള്‍ വെയിറ്റ് തിരിച്ച് 85ലേക്ക് വന്നിട്ടുണ്ട്. ഞാന്‍ ആവേശം കഴിഞ്ഞിട്ട് വെയിറ്റ് കുറച്ചിരുന്നു.

അതിന് ശേഷമാണ് അടുത്ത സിനിമ വരുന്നത്. അതിലെ കഥാപാത്രത്തിന് കുറച്ച് സൈസ് വേണമെന്ന് പറഞ്ഞു. ഇത് നേരത്തെ അറിയുമായിരുന്നെങ്കില്‍ ഞാന്‍ വെയിറ്റ് കുറക്കില്ലായിരുന്നു. പിന്നെ ഞാന്‍ രണ്ടാമത് വെയിറ്റ് കൂട്ടി. ആ പടം കഴിഞ്ഞതോടെ വീണ്ടും വെയിറ്റ് കുറക്കാനുള്ള ശ്രമത്തിലാണ്.

ഇപ്പോള്‍ ആളുകള്‍ ആവേശത്തില്‍ നല്ല തടി ഉണ്ടായിരുന്നല്ലോ എന്ന് പറയുന്നുണ്ട്. സിനിമയുടെ റിലീസിന് ശേഷം ക്ഷീണിച്ചല്ലോയെന്ന് ചോദിക്കുന്നുണ്ട്. അപ്പോള്‍ ആ സിനിമക്ക് വേണ്ടി തടി വെച്ചതാണെന്ന് ഞാന്‍ പറയും. എല്ലാവരും കരുതുന്നത് അത് എന്റെ നോര്‍മല്‍ വെയിറ്റ് ആണെന്നാണ്,’ സജിന്‍ ഗോപു പറഞ്ഞു.


Content Highlight: Sajin Gopu Talks About His Character Name In Aavesham Movie

We use cookies to give you the best possible experience. Learn more