Advertisement
Entertainment
ആ സിനിമയുടെ ഷൂട്ടില്‍ കാലിനടിയില്‍ ഏറെ മുറിവുകളും വിരലിന് പരിക്കുമൊക്കെ പറ്റി: സജിന്‍ ഗോപു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 04, 09:14 am
Tuesday, 4th February 2025, 2:44 pm

കുറഞ്ഞ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സജിന്‍ ഗോപു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ ആവേശത്തിലും 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചത്തിലും മികച്ച വേഷമായിരുന്നു സജിന്‍ ചെയ്തത്.

കഴിഞ്ഞ ദിവസം റിലീസായ പൊന്മാന്‍ എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രമായ മരിയാനോ റോബര്‍ട്ടോയായി എത്തിയത് സജിന്‍ ഗോപുവാണ്. മികച്ച അഭിപ്രായമാണ് പൊന്മാനിലെ പ്രകടനത്തിന് സജിന്‍ നേടുന്നത്. പൊന്മാന്‍ എന്ന ചിത്രത്തെ കുറിച്ചും അതിനുവേണ്ടിയെടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സജിന്‍ ഗോപു.

 പൊന്മാനില്‍ കുറച്ച് ആക്ഷന്‍ സീക്വന്‍സുകളുണ്ട്. കായലിലും അരവരെ ചെളിയിലുമൊക്കെയാണ് ആ സംഘട്ടനങ്ങള്‍ ചിത്രീകരിച്ചത്. കാലിനടിയില്‍ ഏറെ മുറിവുകളും വിരലിന് പരിക്കുമൊക്കെ പറ്റി – സജിന്‍ ഗോപു

‘ആവേശത്തിലെ അമ്പാനാകാന്‍ നല്ല രീതിയില്‍ വര്‍ക്കൗട്ട് ചെയ്തിരുന്നു. വയര്‍ കുറക്കാതെ ഭക്ഷണം കഴിച്ചു. ശരീരഭാരം അന്ന് 95 കിലോയിലേക്ക് കൂട്ടി. ഷൂട്ട് കഴിഞ്ഞപ്പോള്‍ തടി കുറച്ച് പഴയപോലെ ആയി. അപ്പോഴാണ് പൊന്മാന്‍ വന്നത്. അല്പം തടികൂട്ടണം എന്ന് ജ്യോതിഷേട്ടന്‍ (സംവിധായകന്‍ ജ്യോതിഷ് ഷങ്കര്‍) പറഞ്ഞു. അങ്ങനെ വീണ്ടും ഭക്ഷണമൊക്കെ കഴിച്ച് വര്‍ക്കൗട്ട് ചെയ്യാതെ വേറൊരു രീതിയില്‍ ശരീരഭാരം കൂട്ടി.

കൊല്ലത്താണ് ഈ സിനിമയുടെ കഥാപശ്ചാത്തലം. ആദ്യമായാണ് കൊല്ലംകാരനായ ഒരു കഥാപാത്രം ചെയ്യുന്നത്. അതിനാല്‍ ആ ഭാഷയില്‍ത്തന്നെ സംസാരിക്കണമായിരുന്നു. ഷൂട്ടിന് ഏകദേശം രണ്ടാഴ്ച മുമ്പേ ഞാന്‍ കൊല്ലത്തേക്കുപോയി. കൊല്ലം ഭാഷ പഠിക്കുക, വഞ്ചി തുഴയാന്‍ പഠിക്കുക എന്നിവക്ക് വേണ്ടിയായിരുന്നു അത്.

ചെറുപ്പം തൊട്ടേ വഞ്ചി തുഴയുന്ന ഒരാളാണ് പൊന്മാനിലെ മരിയാനോ റോബര്‍ട്ടോ. നമ്മള്‍ അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇവന് വഞ്ചി തുഴയാന്‍ അറിയാം എന്ന് തോന്നിയില്ലെങ്കില്‍ അത് അബദ്ധമാകും.

പഠിപ്പിക്കാന്‍ ഒരാളെവെച്ച് പുലര്‍ച്ചെ അഞ്ചുമണിതൊട്ട് അഷ്ടമുടിക്കായലിലായിരുന്നു പരിശീലനം. ഷൂട്ട് തുടങ്ങുമ്പോഴേക്കും നല്ല രീതിയില്‍ തുഴയാന്‍ പഠിച്ചു.

അതുപോലെ ചിത്രത്തില്‍ കുറച്ച് ആക്ഷന്‍ സീക്വന്‍സുകളുണ്ട്. കായലിലും അരവരെ ചെളിയിലുമൊക്കെയാണ് ആ സംഘട്ടനങ്ങള്‍ ചിത്രീകരിച്ചത്. കാലിനടിയില്‍ ഏറെ മുറിവുകളും വിരലിന് പരിക്കുമൊക്കെ പറ്റി. എന്നിട്ടും ഏറ്റവും മികച്ച രീതിയില്‍ സംഘട്ടന രംഗങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നല്ല രീതിയില്‍ത്തന്നെ കഥാപാത്രത്തെ അവതരിപ്പി ക്കാന്‍ പറ്റി എന്നാണ് വിശ്വാസം,’ സജിന്‍ ഗോപു പറയുന്നു.

Content highlight: Sajin Gopu talks about his character in Ponman movie