ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊന്‍മാന്‍. സിനിമയില്‍ പി.പി. അജേഷായി ബേസില്‍ ജോസഫ് എത്തിയപ്പോള്‍ മരിയാനോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സജിന്‍ ഗോപു ആയിരുന്നു.
രോമാഞ്ചം, ആവേശം ഉള്‍പ്പെടെ മുമ്പുള്ള സിനിമകളില്‍ ഏറെ ചിരിപ്പിച്ച സജിന്‍ ഒരു നെഗറ്റീവ് റോളിലാണ് പൊന്‍മാനില്‍ എത്തിയത്. ഇപ്പോള്‍ പൊന്‍മാന്‍ സിനിമ കണ്ടിട്ട് ചിയാന്‍ വിക്രം സംവിധായകന്‍ ജ്യോതിഷ് ശങ്കറിനോട് തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് പറയുകയാണ് സജിന്‍ ഗോപു.
റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആവേശത്തിലെ അമ്പാനെ കണ്ട് സെലിബ്രറ്റീസായ ആരെങ്കിലും വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍.
‘അമ്പാന് ശേഷം ഒരുപാട് ആളുകള്‍ എനിക്ക് മെസേജ് അയച്ചിരുന്നു, വിളിച്ചിരുന്നു. ചിലര്‍ എന്നെയല്ലാതെ ഡയറക്ടര്‍ ജിത്തുവിനെ (ജിത്തു മാധവന്‍) വിളിച്ചിട്ട് എന്നെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ആവേശം കണ്ടിട്ട് അദ്ദേഹത്തെ വിളിച്ചവര്‍ എന്നെ കുറിച്ച് സംസാരിച്ചതാണ് അതൊക്കെ.
പിന്നെ ഈയിടെ ജ്യോതിഷേട്ടനെ (ജ്യോതിഷ് ശങ്കര്‍) ചിയാന്‍ വിക്രം വിളിച്ചിരുന്നു. അന്ന് പൊന്‍മാന്‍ സിനിമ കണ്ടിട്ട് എന്നോട് വലിയ ദേഷ്യം തോന്നിയെന്ന് പറഞ്ഞു. എന്റെ അതിലെ ക്യാരക്ടര്‍ കണ്ടിട്ടാണ് ദേഷ്യം തോന്നിയത്.
അമ്പാന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പൊന്‍മാനിലേക്ക് വരുമ്പോള്‍ അത് വളരെ വ്യത്യസ്തമാണല്ലോ. പൊന്‍മാന്‍ കണ്ടിട്ട് എന്നെ ഇടിക്കാനും അടിക്കാനുമുള്ള ദേഷ്യം തോന്നിയെന്ന് വിക്രം സാര്‍ ജ്യോതിഷേട്ടനോട് പറഞ്ഞതാണ്. അത് ആ കഥാപാത്രം വര്‍ക്കായി എന്നതിന്റെ തെളിവല്ലേ,’ സജിന്‍ ഗോപു പറഞ്ഞു.
പൊന്‍മാന്‍:
ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്‍മാന്‍ എന്ന സിനിമ പുറത്തിങ്ങിയത്. ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ പൊന്‍മാനില്‍ ബേസില്‍ ജോസഫിനെയും സജിന്‍ ഗോപുവിനെയും കൂടാതെ ലിജോമോള്‍ ജോസ്, ആനന്ദ് മന്മദന്‍, ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിച്ചത്.
CONTENT HIGHLIGHT: Sajin Gopu Talks About Chiyaan Vikram And Ponman Movie