ആ മോഹം കൊണ്ട് ഞാനൊരു തിരക്കഥ വരെയെഴുതി, അത് സിനിമയായി വരും: സജിൻ ഗോപു
Entertainment
ആ മോഹം കൊണ്ട് ഞാനൊരു തിരക്കഥ വരെയെഴുതി, അത് സിനിമയായി വരും: സജിൻ ഗോപു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th May 2024, 5:02 pm

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത് ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം രംഗൻ എന്ന ഒരു ഗ്യാങ്സ്റ്ററിന്റെ കഥയാണ് പറഞ്ഞത്.

ചിത്രത്തിൽ ഫഹദിനൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന് അമ്പാൻ എന്ന കഥാപാത്രമായി പ്രേക്ഷക കയ്യടി നേടിയ താരമാണ് സജിൻ ഗോപു. രംഗന്റെ വിശ്വസ്തനായ ഗുണ്ടയായിരുന്നു അമ്പാൻ. രോമാഞ്ചത്തിലെ നിരൂപ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സജിൻ ഗോപു ആയിരുന്നു.

തന്റെ സിനിമ യാത്രയെ കുറിച്ച് പറയുകയാണ് സജിൻ. താൻ പണ്ട് പരസ്യ ചിത്രങ്ങളിൽ സംവിധായകനായി വർക്ക് ചെയ്തിട്ടുണ്ടെന്നും ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ടെന്നും സജിൻ പറയുന്നു. അന്നൊരു സിനിമയുടെ തിരക്കഥ എഴുതിയിരുന്നുവെന്നും അത് ചിലപ്പോൾ ഭാവിയിൽ വരുമെന്നും സജിൻ പറഞ്ഞു. വനിതാ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘എ.പി. അനിൽകുമാർ സാറിനൊപ്പം അക്കാലത്തു തിയേറ്റർ ചെയ്തിരുന്നു. ജീവിക്കാനായി പാതാളത്തെ ഒരു ലോജിസ്‌റ്റിക്‌സ് കമ്പനിയിലും അഞ്ചു വർഷം ജോലി ചെയ്‌തു. ഏതെങ്കിലും തരത്തിൽ സിനിമ കൂടെ വേണമെന്ന മോഹം കൊണ്ടു പരസ്യചിത്ര സംവിധായകനായും സഹ സംവിധായകനായും ജോലി ചെയ്‌തു. ഒരു ഷോർട് ഫിലിമും സംവിധാനം ചെയ്‌തിട്ടുണ്ട്. നല്ല കഥാപാത്രം വേണമെന്ന മോഹം കൊണ്ടു സിനിമയ്ക്കു തിരക്കഥ വരെ എഴുതി. ആ സിനിമ വരാനുണ്ട്, നോക്കാം,’സജിൻ ഗോപു പറയുന്നു.

അന്ന് തനിക്കൊപ്പം ഓഡിഷൻസിന് പങ്കെടുത്ത സുഹൃത്തായിരുന്നു നടൻ സിജു വിൽസണെന്നും സജിൻ കൂട്ടിചേർത്തു.

‘ ആലുവ ശിവരാത്രി മണപ്പുറത്തിനടുത്താണു തറവാട്. കുട്ടുകാരുമൊത്ത് ആ പടിക്കെട്ടിലിരുന്നു സിനിമാ സ്വപ്‌നങ്ങൾ പങ്കുവയ്ക്കുന്നതായിരുന്നു ഹോബി. പാട്ടു പാടാനോ ഡാൻസ് കളിക്കാനോ സ്‌റ്റേജിൽ കയറിയിട്ടില്ലെങ്കിലും അഭിനയ മോഹം അങ്ങു വന്നു. ഡിഗ്രി കഴിഞ്ഞ പിറകേ ഓഡിഷനുകൾക്കു പോകാൻ തുടങ്ങി. ഒരു ദിവസം അഞ്ച് ഓഡിഷൻ വരെ ചെയ്‌തിട്ടുണ്ട്. ആ കാലത്തെ ഒരു സുഹ്യത്ത് ഇപ്പോൾ സിനിമയിൽ നായകനാണ്, സിജു വിൽസൺ,’സജിൻ പറഞ്ഞു.

Content Highlight: Sajin Gopu Talk About How Much He Love Cinema