| Wednesday, 24th April 2024, 10:45 am

തോക്ക് പരിചയപ്പെടുത്തുന്ന ആ സീനിൽ ഞാൻ ഓർത്തത് ജഗതി ചേട്ടന്റെ ആ കോമഡി സീനാണ്: സജിൻ ഗോപു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനായ ചിത്രം തിയേറ്ററിൽ തകർത്തോടുകയാണ്.

ഫഹദിനൊപ്പം മുഴുനീള വേഷത്തിൽ എത്തിയ കഥാപാത്രമാണ് സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ എന്ന ഗുണ്ട കഥാപാത്രം. ചിത്രത്തിൽ ഏറ്റവും ചിരിപ്പിച്ച ഒരു കഥാപാത്രം കൂടിയാണ് അമ്പാൻ.

രോമാഞ്ചത്തിൽ നിരൂപ് എന്ന വേഷത്തിൽ എത്തിയതും സജിൻ ഗോപു തന്നെയായിരുന്നു. എന്നാൽ അതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് അമ്പാൻ. ചിത്രത്തിൽ പ്രേക്ഷകർ ഒരുപോലെ ചിരിച്ച ഒരു സീനാണ് അമ്പാൻ തോക്ക് പരിചയപ്പെടുത്തുന്ന ഭാഗം. ആ സീൻ ഷൂട്ട്‌ ചെയ്തതിനെ കുറിച്ച് പറയുകയാണ് സജിൻ ഗോപു.

ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് എങ്ങനെ ചെയ്യണമെന്ന് കുറെ ആലോചിച്ചെന്നും വെട്ടം സിനിമയിൽ ജഗതി ശ്രീകുമാറിന്റെ കയ്യിൽ നിന്ന് തോക്ക് പൊട്ടുന്ന കോമഡി സീനെല്ലാം ആലോചിച്ചാണ് അങ്ങനെ ചെയ്തതെന്നും സജിൻ പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഗൺ പരിചയപ്പെടുത്തി കൊടുക്കുന്ന ഒരു സീനുണ്ട്. ആ സീൻ എടുക്കുന്നതിന് മുമ്പ് ജിത്തു എന്നോട് പറഞ്ഞു, അളിയാ ഇങ്ങനെയൊരു സീനാണ്. തോക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് ആദ്യം പൊട്ടില്ല പിന്നെ മൊത്തം പൊട്ടും. ഇതാണ് അവസ്ഥ.

ഞാൻ അത് എങ്ങനെ ചെയ്യണം എന്നെല്ലാം ആലോചിച്ചു. എല്ലാരുമായിട്ട് ചർച്ചയൊക്കെ നടത്തി. വെട്ടം സിനിമയിൽ ജഗതി ചെയ്തിട്ടുണ്ട് അതുപോലൊരു സാധനം. എ. കെ 47 എടുത്തിട്ട് ഫ്ലൂട്ട് പോലെ വായിക്കുന്നത്. പിന്നെ അത് കയ്യിൽ നിന്ന് പൊട്ടുകയാണ്. ചെയ്യുന്ന സമയത്ത് അതൊക്കെ എന്റെ മനസിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് അത് ചെയ്യുന്നത്. അത് ശരിക്കും വർക്കായി. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന സീനാണത്,’സജിൻ ഗോപു പറയുന്നു.

അതേസമയം, ബോക്സ്‌ ഓഫീസിൽ മികച്ച മുന്നേറ്റം നടത്തുന്ന കളക്ഷനിൽ നൂറ് കോടി ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിന് പുറത്തും മികച്ച അഭിപ്രായം നേടുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്.

Content Highlight: Sajin Gopu Talk About Gun Scene In Avesham Movie

We use cookies to give you the best possible experience. Learn more