ആ സീൻ കാണുമ്പോൾ ഞാൻ ഇപ്പോഴും ഓട്ടോമാറ്റിക്കലി കരഞ്ഞുപോവും: സജിൻ ഗോപു
Entertainment
ആ സീൻ കാണുമ്പോൾ ഞാൻ ഇപ്പോഴും ഓട്ടോമാറ്റിക്കലി കരഞ്ഞുപോവും: സജിൻ ഗോപു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th May 2024, 10:48 am

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത് ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം രംഗൻ എന്ന ഒരു ഗ്യാങ്സ്റ്ററിന്റെ കഥയാണ് പറഞ്ഞത്.

ചിത്രത്തിൽ ഫഹദിനൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന് അമ്പാൻ എന്ന കഥാപാത്രമായി പ്രേക്ഷക കയ്യടി നേടിയ താരമാണ് സജിൻ ഗോപു. രംഗന്റെ വിശ്വസ്തനായ ഗുണ്ടയായിരുന്നു അമ്പാൻ. രോമാഞ്ചത്തിലെ നിരൂപ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സജിൻ ഗോപു ആയിരുന്നു.

ചിത്രത്തിലെ ഫഹദിന്റെ ഒരു ഇമോഷണൽ സീൻ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം ഒ.ടി.ടി റിലീസായതിന് പിന്നാലെ ഒരുപാട് ഗ്രൂപ്പുകളിലും സിനിമ ചർച്ചകളിലും ആ ഭാഗത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്.

ആവേശത്തിലെ ആ രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ സജിൻ ഗോപു. ആ സീനിൽ താൻ ഓട്ടോമാറ്റിക്കലി കരഞ്ഞു പോവാറുണ്ടെന്നാണ് സജിൻ പറയുന്നത്. ആ രംഗം എപ്പോൾ കാണുമ്പോഴും തന്റെ കണ്ണ് നിറയുമെന്നും സജിൻ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ആവേശത്തിൽ ഒരു സീനുണ്ട് രംഗണ്ണൻ ഇമോഷണലാവുന്ന സീൻ. ആ സീനിൽ ഞാൻ ഓട്ടോമാറ്റിക്കലി കരഞ്ഞു പോയിട്ടുണ്ട്. രംഗണ്ണൻ തിരിഞ്ഞ് നിന്ന് കരയുന്ന സീൻ. എനിക്കെപ്പോഴും, ഇപ്പോൾ കണ്ടാലും ആ സീൻ എത്തുമ്പോൾ എനിക്ക് കണ്ണിൽ നിന്ന് വെള്ളം വരും. അതെന്താ സംഭവം എന്നെനിക്ക് അറിയാൻ പാടില്ല,’സജിൻ ഗോപു പറയുന്നു.

അതേസമയം തിയേറ്ററിൽ 150 കോടിയോളം നേടിയ ആവേശം ഒ.ടി.ടി റിലീസിന് ശേഷവും മികച്ച അഭിപ്രായമാണ് നേടുന്നത്. ഇതുവരെ കാണാത്ത തരത്തിലൊരു ഫഹദ് ഫാസിലിനെയായിരുന്നു പ്രേക്ഷകർ ആവേശത്തിൽ കണ്ടത്.

Content Highlight: Sajin Gopu Talk About Emotional Scene In Aavesham Movie