Advertisement
Film News
അമ്പാന്‍ നായകന്‍, രംഗണ്ണന്‍ നിര്‍മാണം, സംവിധാനം ചെയ്യുന്നത് ഹോസ്റ്റല്‍ വാര്‍ഡന്‍.... ആവേശത്തിലാക്കുന്ന പുതിയ അനൗണ്‍സ്‌മെന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 10, 02:24 pm
Monday, 10th June 2024, 7:54 pm

ഈ വര്‍ഷം തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമാണ് ആവേശം. രോമാഞ്ചത്തിന് ശേഷം ജീത്തു മാധവന്‍ സംവിധാനം ചെയ്ത് ചിത്രത്തില്‍ രംഗന്‍ എന്ന ഗ്യാങ്‌സ്റ്ററായാണ് ഫഹദ് എത്തിയത്. ബോക്‌സ് ഓഫീസില്‍ 150 കോടിയോളമാണ് ആവേശം നേടിയത്.

ആവേശത്തിന് ശേഷം ജിത്തു കഥയെഴുതുന്ന പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. സംവിധായകന്‍ അന്‍വര്‍ റഷീദാണ് ആദ്യ ക്ലാപ്പ് അടിച്ചത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ആവേശത്തില്‍ അമ്പാനായി പ്രേക്ഷകരെ രസിപ്പിച്ച സജിന്‍ ഗോപുവാണ് ചിത്രത്തിലെ നായകന്‍. സജിന്‍ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ഒരേ സമയം കോമഡിയും മാസും സെന്റിമെന്റ്‌സും ബാലന്‍സ് ചെയ്ത കഥാപാത്രമായിരുന്നു അമ്പാന്‍. സജിന്‍ ഗോപു മികച്ച രീതിയില്‍ ആ കഥാപാത്രത്തെ ചെയ്തു ഫലിപ്പിച്ചു. അനശ്വര രാജനാണ് ചിത്രത്തിലെ നായിക.

ആവേശത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനെ അവതരിപ്പിച്ച ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീജിത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ജിത്തുവിന്റെ ആദ്യ ചിത്രമായ രോമാഞ്ചത്തിലും ശ്രീജിത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഫഹദ് ഫാസിലിന്റെ പ്രൊഡക്ഷന്‍ ഹൗസായ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം ഫഹദ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. അമ്പാനെ നായകനാക്കി രംഗണ്ണന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിലും മറ്റ് വിവരങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

Content Highlight: Sajin Gopu’s next film as hero producing by Fahadh Fazil and written by Jithu Madhavan