ക്യാരക്ടറിന്റെ പേര് ഇപ്പോഴും പലര്‍ക്കും കറക്ടായിട്ട് അറിയില്ല: സജിന്‍ ഗോപു
Film News
ക്യാരക്ടറിന്റെ പേര് ഇപ്പോഴും പലര്‍ക്കും കറക്ടായിട്ട് അറിയില്ല: സജിന്‍ ഗോപു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st April 2024, 8:45 am

ആവേശം സിനിമ കണ്ടവരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് രംഗന്റെ വലംകൈയായ അമ്പാന്‍. സജിന്‍ ഗോപു അവതരിപ്പിച്ച കഥാപാത്രം ചില സീനുകളില്‍ ഫഹദിനെക്കാള്‍ മുകളില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്‌സിലെ ചില എക്‌സ്പ്രഷനുകള്‍ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സജിന് കഴിഞ്ഞു. കോമഡിയും ആക്ഷനും ഒരുപോലെ കൈകാര്യം ചെയ്യാന്‍ സജിന് സാധിച്ചു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട്  നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ സജിന്‍ പങ്കുവെച്ചു.

ചിത്രത്തിലെ കഥാപത്രത്തിന്റെ പേര് പലര്‍ക്കും കൃത്യമായി അറിയില്ലെന്നും, പലരും പല പേരാണ് വിളിക്കുന്നതെന്നും സജിന്‍ പറഞ്ഞു. അമ്പാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും പലരും വിചാരിച്ചിരിക്കുന്നത് അമ്പാടി എന്നൊക്കെയാണെന്നും സജിന്‍ പറഞ്ഞു. ആവേശത്തിന്റെ കാര്യത്തില്‍ മാത്രമല്ല, തന്റെ മുന്‍ ചിത്രങ്ങളിലെ കഥാപാത്രത്തിന്റെ പേരുകളും ആളുകള്‍ തെറ്റിച്ചാണ് പറയുന്നതെന്നും സജിന്‍ പറഞ്ഞു.

‘അമ്പാന്‍ എന്നാണ് ആ ക്യാരക്ടറിന്റെ പേര്. പക്ഷേ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് അമ്പാടി എന്നൊക്കെയാണ്. അമ്പേട്ടന്‍ എന്ന് ആ പിള്ളേര് പലപ്പോഴും വിളിച്ചപ്പോള്‍ അമ്പാടി എന്നാകും ആളുകള്‍ വിചാരിച്ചത്. അമ്പാന്‍ എന്നാണ് പേര്. ആവേശത്തിന്റെ കാര്യത്തില്‍ മാത്രമല്ല, രോമാഞ്ചത്തിലെ ക്യാരക്ടറിന്റെ പേരും പലരും തെറ്റിക്കും. നിരൂപേട്ടന്‍ എന്നുള്ളതിന് പകരം നിരോധ് എന്നാണ് ആളുകള്‍ വിളിക്കുന്നത്. ആ സിനിമയിലുള്ളത് പോലെ. അങ്ങനെ കുറെ ഓര്‍മകളുണ്ട്,’ സജിന്‍ പറഞ്ഞു.

രോമാഞ്ചത്തിന് ശേഷം ജിതു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ബെംഗളൂരുവിലെ രംഗ എന്ന ഗ്യാങ്സ്റ്ററായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ഫഹദിനും സജിനും പുറമെ ഹിപ്സ്റ്റര്‍, റോഷന്‍, മിഥുന്‍, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 70 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി. അന്‍വര്‍ റഷീദ് എന്റര്‍ടൈന്മെന്റ്‌സിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Sajin Gopu about the character in Aavseham