അമ്പാന്റെ കോസ്റ്റ്യൂം സ്‌റ്റൈലിന് റഫറന്‍സ് എടുത്തത് ഒരു കോമിക് കഥാപാത്രത്തില്‍ നിന്നാണ്, ആളുകള്‍ക്ക് അത് കൃത്യമായി മനസിലായിട്ടുമുണ്ട്: സജിന്‍ ഗോപു
Entertainment
അമ്പാന്റെ കോസ്റ്റ്യൂം സ്‌റ്റൈലിന് റഫറന്‍സ് എടുത്തത് ഒരു കോമിക് കഥാപാത്രത്തില്‍ നിന്നാണ്, ആളുകള്‍ക്ക് അത് കൃത്യമായി മനസിലായിട്ടുമുണ്ട്: സജിന്‍ ഗോപു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st April 2024, 4:17 pm

ആവേശം സിനിമ കണ്ടവരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് രംഗന്റെ വലംകൈയായ അമ്പാന്‍. സജിന്‍ ഗോപു അവതരിപ്പിച്ച കഥാപാത്രം ചില സീനുകളില്‍ ഫഹദിനെക്കാള്‍ മുകളില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്‌സിലെ ചില എക്‌സ്പ്രഷനുകള്‍ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സജിന് കഴിഞ്ഞു. കോമഡിയും ആക്ഷനും ഒരുപോലെ കൈകാര്യം ചെയ്യാന്‍ സജിന് സാധിച്ചു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ സജിന്‍ പങ്കുവെച്ചു.

ചിത്രത്തില്‍ അമ്പാന്റെ കോസ്റ്റ്യൂമില്‍ ബാലരമയിലെ വിക്രമന്റെ റഫറന്‍സ് ഉണ്ടെന്നും സംവിധായകന്‍ അത് മനഃപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്നും സജിന്‍ പറഞ്ഞു. വരയുള്ള ടീ ഷര്‍ട്ട് ഇട്ട് വന്നാല്‍ വിക്രമന്റെ ഗെറ്റപ്പാകുമെന്നും കഥക്ക് ഒരു കോമിക് ടച്ച് കിട്ടുമെന്നും ജിത്തു പറഞ്ഞെന്നും, സിനിമ കണ്ട പലര്‍ക്കും ഇക്കാര്യം മനസിലായെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു.

‘അത് ശരിക്കും പറഞ്ഞാല്‍ ജിത്തുവിന്റെ ഐഡിയയാണ്. അമ്പാനെപ്പറ്റി എന്നോട് പറഞ്ഞപ്പോള്‍ ആ ക്യാരക്ടറിന്റെ കോസ്റ്റ്യൂമിനെപ്പറ്റിയും പറഞ്ഞിരുന്നു. ബാലരമയിലെ വിക്രമന്‍ എന്ന കോമിക് കഥാപാത്രം ഇടുന്ന പോലെ വരകളുള്ള ടീ ഷര്‍ട്ടാണ് അമ്പാന്റെ വേഷം എന്ന പറഞ്ഞുവെച്ചു. ആ കഥാപാത്രത്തിന് ഒരു കോമിക് ടച്ച് കിട്ടാന്‍ അത് ഹെല്പ് ചെയ്യുമെന്നും ജിതു പറഞ്ഞു.

ഞാന്‍ ആ കോസ്റ്റ്യൂം ഇട്ട് വന്നപ്പോള്‍ നമ്മള്‍ ബാലരമയില്‍ വായിക്കുന്ന വിക്രമന്റെ അതേ ഗെറ്റപ്പുണ്ടന്ന് തോന്നി. സിനിമ കണ്ട പലരും അത് എടുത്തു പറഞ്ഞു. അതൊക്കെ ആളുകള്‍ക്ക് മനസിലായി എന്ന് അറിയുമ്പോള്‍ സന്തോഷം,’ സജിന്‍ പറഞ്ഞു.

അതേ സമയം വിഷു റിലീസായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. റിലീസ് ചെയ്ത് പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 70 കോടിയിലധികം സിനിമ കളക്ട് ചെയ്തു. ഫഹദിനും സജിനും പുറമെ ഹിപ്സ്റ്റര്‍, റോഷന്‍, മിഥുന്‍, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Content Highlight: Sajin Gopu about his costume in Aavesham