തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനും ശേഷം ഗിരീഷ് എ.ഡി-നസ്ലെന്‍ ടീമൊന്നിച്ച ചിത്രമാണ് ഐ ആം കാതലന്‍. നസ്ലെന്‍ നായകനായെത്തിയ ചിത്രത്തില്‍ അനിഷ്മയാണ് നായിക. സജിന്‍ ചെറുകയില്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി.ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം തുടങ്ങിയവരും മറ്റ് പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഐ ആം കാതലന്‍ എന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ഇന്‍സ്പയറായി ചെയ്തതാണെന്ന് പറയുകയാണ് ചിത്രത്തിന്റെ രചയിതാവും അഭിനേതാവുമായ സജിന്‍ ചെറുകയില്‍. മോഹന്‍ലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ ഐഡിയ കിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സജിന്‍ ചെറുകയില്‍
‘നമ്മുടെ നാട്ടില്‍ സംഭവിച്ച ഒരു സംഭവമായിരുന്നു മോഹന്‍ലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. പാകിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു അത് ഹാക്ക് ചെയ്തത്. അപ്പോള്‍ ഇവിടെയുള്ള ഹാക്കര്‍ കമ്മ്യൂണിറ്റിയിലെ കുറേ മോഹന്‍ലാല്‍ ഫാന്‍സ് ചേര്‍ന്ന് പാകിസ്ഥാനിലെ കുറേ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ട് അതിലെല്ലാം ‘പോ മോനെ ദിനേശാ’ എന്നിടുന്നു.
അത് ഭയങ്കര ഇന്‌ട്രെസ്റ്റിങ് ആയിട്ടുള്ള സംഭവമായിട്ട് എനിക്ക് തോന്നി. ഇത് കൊള്ളാം, ഇതിനുള്ളില്‍ ഒരാളുടെ കഥ പറയാന്‍ പറ്റും, മോഹന്‍ലാല്‍ ഫാനായിട്ടുള്ള ഒരു ഹാക്കര്‍ എങ്ങനെ ഉണ്ടാകും. ശരിക്കും അങ്ങനെയാണിത് സ്റ്റാര്‍ട്ട് ചെയ്യുന്നത്. സിനിമയിലെ ഫിഷിങ് സീനിന്‍ പകരം ഇതായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. വിഷ്ണുവിന്റെ (നസ്ലെന്‍) ഫ്രണ്ട് ഒരു മോഹന്‍ലാല്‍ ഫാനാണ്. അപ്പോള്‍ മോഹന്‍ലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നു, ഇവര്‍ തിരിച്ച് ഹാക്ക് ചെയ്യുന്നു, ഇതെല്ലാമായിരുന്നു ആദ്യം ആലോചിച്ചിരുന്നത്,’ സജിന്‍ ചെറുകയില്‍ പറയുന്നു.
Content Highlight: Sajin Cherukayil Says The Inspiration For I Am Kathalan Movie Was Incident Of Hacking Of Mohanlal’s Website